ദുബായ് എയര്‍ഷോയില്‍ വ്യോമാഭ്യാസത്തിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണു. അല്‍ മക്തൂം വിമാനത്താവളത്തിനടുത്താണ് അപകടമുണ്ടായത്. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം. പൈലറ്റ് വീരമൃത്യുവരിച്ചു. ദുബായ് സമയം ഉച്ചയ്ക്ക് 2.10നാണ് അപകടം സംഭവിച്ചത്. കാണികൾക്കു മുന്നിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു അപകടം.
രാജ്യം തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച ഇന്ത്യയുടെ അഭിമാനമായ എല്‍സിഎ തേജസ് യുദ്ധവിമാനമാണ് ദുബായ് അല്‍ മക്തും രാജ്യാന്തര വിമാനതാവളത്തില്‍ അഭ്യാസത്തിനിടെ തകര്‍ന്നുവീണത്. തേജസിനെ നിയന്ത്രിക്കാന്‍ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും നീക്കം പരാജയപ്പെട്ടു. ഇജക്ഷനും സാധ്യമാകാതിരുന്നതോടെ പൈലറ്റിന് വീരമൃത്യു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. സംഘമായുള്ള പ്രകടത്തിനുശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെയാണ് ദുരന്തം. മുകളിലേക്കുയർന്നു പറന്ന് കരണം മറിഞ്ഞശേഷം നേരെ താഴേക്കു പതിക്കുകയായിരുന്നു.
അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. പൈലറ്റിന്‍റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബത്തിനൊപ്പമെന്നും വ്യോമസേന പ്രസ്താവനയില്‍ അറിയിച്ചു. തേജസ് യുദ്ധവിമാനം ഉള്‍പ്പെടുന്ന രണ്ടാമത്തെ അപകടമാണിത്. പരിശീലന പറക്കലിനിടെ 2024 മാര്‍ച്ചില്‍ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ തേജസ് തകര്‍ന്നുവീണിരുന്നു. എങ്കിലും പൈലറ്റ് സുരക്ഷിതനായി ഇജക്ട് ചെയ്തിരുന്നു. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിര്‍മിക്കുന്ന തേജസ് യുദ്ധവിമാനം നിലവില്‍ രണ്ട് സ്ക്വാഡ്രണണാണ് വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 220 തേജസ് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഒരു പൈലറ്റ് പറത്തുന്ന ഒറ്റ എന്‍ജിന്‍ യുദ്ധവിമാനമാണ് തേജസ്. തേജസിന്‍റെ എന്‍ജിന്‍ അമേരിക്കന്‍ നിര്‍മിതമാണ്.
യുഎസും ബ്രിട്ടനും ചൈനയും പാക്കിസ്ഥാനും അടക്കം 47 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ദുബായ് എയര്‍ ഷോ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. അപകടത്തെ തുടര്‍ന്ന് അല്‍പ്പനേരം എയര്‍ ഷോ നിര്‍ത്തിവച്ചെങ്കിലും വീണ്ടും പുനരാരംഭിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ ഇരുന്നൂറംഗം സംഘമാണ് എയര്‍ ഷോയില്‍ പങ്കെടുത്തത്. യുദ്ധവിമാനമായി തേജസ് മാത്രമാണ് ഉണ്ടായിരുന്നത്. സൂര്യകിരണ്‍ എയ്റോബാറ്റിക് ടീമിന്‍റെയും സാരങ് ഹെലികോപ്റ്റര്‍ ടീമിന്‍റെയും അഭ്യാസപ്രകടവും ഇന്ത്യന്‍ വ്യോമസേനയുടേതായി ഉണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ എയർ ഷോകളില്‍ ഒന്നാണ് ദുബായിലേത്.