അമേരിക്കയിലെ ലാസ് വെഗാസില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ലഹരിയുപയോഗിച്ച ഇന്‍ഫ്ളൂവന്‍സര്‍ക്ക് ദാരുണാന്ത്യം. ഇന്‍സ്റ്റഗ്രാമിലൂടെ പ്രശസ്തനായ അനുനയ് സൂദാണ്(32) അമിതമായ അളവില്‍ മയക്കുമരുന്ന് ഉള്ളില്‍ച്ചെന്ന് മരിച്ചത്. ഈ മാസമാദ്യം താമസിച്ചിരുന്ന മുറിയിലാണ് സൂദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നവംബര്‍ നാലിന് പുലര്‍ച്ചെയാണ് സൂദും പെണ്‍സുഹൃത്തുക്കളും കാസിനോ ഫ്ലോറിൽ വെച്ച് ഒരു സംഘത്തില്‍ നിന്നും മയക്കുമരുന്ന് വാങ്ങിക്കുന്നത്. ലാസ് വെഗാസില്‍ താമസിച്ചിരുന്ന മുറിയിലാണ് സൂദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്തുനിന്നും പൊലീസ് സംഘം കൊക്കെയ്നെന്ന് സംശയിക്കുന്ന ലഹരിമരുന്ന് കണ്ടെത്തുകയും ചെയ്തു. ലാസ് വെഗാസ് കോൺകോർസ് 2025 കാർ ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അനുനയ് സൂദ്. ഈ യാത്രയെക്കുറിച്ചുള്ള വിവരങ്ങളും സൂദ് നേരത്തേ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു.
സൂദിനൊപ്പം ഉണ്ടായിരുന്ന പെണ്‍സുഹൃത്ത് പറഞ്ഞതനുസരിച്ച് പൊലീസ് പറയുന്ന വിവരങ്ങള്‍ ഇതാണ്– സൂദും രണ്ട് പെണ്‍സുഹൃത്തുക്കളും മുറിയില്‍വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചു. തുടര്‍ന്ന് മൂന്നുപേരും മുറിയില്‍ കിടന്നുറങ്ങി. ഒരു മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് സുഹൃത്തുക്കളും ഉണര്‍ന്നെങ്കിലും സൂദിന് അനക്കമുണ്ടായിരുന്നില്ല.വെളുത്ത പൊടിയടങ്ങിയ ഒരു ബാഗും മൃതദേഹത്തിനു സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തു. സൂദിന്റെ മരണം സ്ഥിരീകരിച്ച് കുടുംബാംഗങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞയാഴ്ച്ചയാണ് പോസ്റ്റിട്ടത്. തങ്ങളുടെ സ്വകാര്യത മാനിച്ച് വീടിനടുത്ത് തടിച്ചുകൂടരുതെന്നും കുടുംബം പറയുന്നു.
ലഹരിമരുന്നാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാൻ ആവശ്യമായ ടോക്സിക്കോളജി പരിശോധനകൾ പൂർത്തിയാക്കാൻ മാസങ്ങൾ എടുത്തേക്കാമെന്ന് അന്വേഷണസംഘം അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഏറെ ആരാധകരുള്ള ട്രാവൽ ഇൻഫ്ലുവൻസറും ഫോട്ടോഗ്രാഫറും സംരംഭകനുമായിരുന്നു അനുനയ് സൂദ്. 1.4 ദശലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സും ഏകദേശം 3.8 ലക്ഷം യൂട്യൂബ് സബ്സ്ക്രൈബേഴ്സുമായി അദ്ദേഹത്തിന് വലിയൊരു ഓൺലൈൻ ശൃംഖല തന്നെയുണ്ടായിരുന്നു. 2022, 2023, 2024 എന്നീ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഫോബ്സ് ഇന്ത്യയുടെ ടോപ്പ് 100 ഡിജിറ്റൽ സ്റ്റാർസ് പട്ടികയിലും സൂദ് ഇടം നേടിയിരുന്നു. ദുബായ് ആസ്ഥാനമായുള്ള ഡിജിറ്റൽ പെർഫോമൻസ് ആൻഡ് മാർക്കറ്റിംഗ് ഏജൻസിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 195 രാജ്യങ്ങളും സന്ദര്‍ശിക്കാനാഗ്രഹിച്ച സൂദ് ഇതുവരെ 46 രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു.