മുംബൈ മെട്രോയിൽ ബോളിവുഡ് താരം വരുൺ ധവാൻ നടത്തിയ ഫിറ്റ്നസ് സ്റ്റണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യാത്രക്കാർ പിടിച്ചുനിൽക്കാൻ ഉപയോഗിക്കുന്ന ഗ്രാബ് ഹാൻഡിലിൽ പിടിച്ച് പുൾ-അപ്പ് ചെയ്ത താരത്തിന്റെ വീഡിയോയ്ക്ക് പിന്നാലെ, മുംബൈ മെട്രോ അധികൃതർ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി.
'ബോർഡർ 2' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയാണ് മുംബൈ മെട്രോ ട്രെയിനിനുള്ളിൽ വരുൺ ധവാൻ പുൾ-അപ്പ് ചെയ്യുന്ന വീഡിയോ പുറത്തുവന്നത്. ആരാധകർ ഫിറ്റ്നസ് പ്രകടനമായി ഏറ്റെടുത്ത വീഡിയോ മണിക്കൂറുകൾക്കകം തന്നെ വൈറലായി. എന്നാൽ ഇതിനെതിരെ മുംബൈ മെട്രോ രംഗത്ത് വന്നു..ഗ്രാബ് ഹാൻഡിലുകൾ തൂങ്ങിയാടാനുള്ളതല്ല. ആക്ഷൻ സിനിമകളിലെ പോലെ ഈ വീഡിയോ ഒരു മുന്നറിയിപ്പോടെയാണ് പ്രചരിക്കേണ്ടിയിരുന്നത്" — മെട്രോ ലിമിറ്റഡ് പോസ്റ്റിൽ വ്യക്തമാക്കി.
മെട്രോ റെയിൽവേസ് ആക്ട് പ്രകാരം, യാത്രക്കാർക്ക് ശല്യം സൃഷ്ടിക്കുന്നതും പൊതുമുതൽ നശിപ്പിക്കുന്നതുമായ ഇത്തരം പ്രവൃത്തികൾ ശിക്ഷാർഹമാണ്. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് പിഴയോ ജയിൽശിക്ഷയോ വരെ ലഭിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. താരങ്ങൾ പൊതുസ്ഥലങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം പുലർത്തണമെന്ന ചില അഭിപ്രായങ്ങളും വന്നു.