ഇസ്ലാംമതം സ്വീകരിച്ച് പാക് സ്വദേശിയെ വിവാഹം കഴിച്ച ഇന്ത്യക്കാരിയെ പീഡിപ്പിക്കുന്നത് ഇനിയെങ്കിലും നിര്‍ത്താന്‍ പൊലീസിനോട് പാക് കോടതി. പഞ്ചാബ് സ്വദേശിയായ സരബ്ജീത് കൗറിനാണ് പാക്കിസ്ഥാന്‍ പൊലീസില്‍ നിന്ന് കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. സരബ്ജീതും ഭര്‍ത്താവും നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് പാക് പൊലീസിനു കോടതിയുടെ ശാസന.
കപൂര്‍ത്തല സ്വദേശിയായ സരബ്ജീത് കൗര്‍ സോഷ്യല്‍മീഡിയയിലൂടെയാണ് പാക് ലാഹോര്‍ സ്വദേശിയായ നാസിര്‍ ഹുസൈനെ പരിചയപ്പെടുന്നത്. നവംബര്‍ മൂന്നിനാണ് വാഗാ അതിര്‍ത്തി വഴി സരബ്ജീത് കൗറുള്‍പ്പെടെ രണ്ടായിരത്തോളം ആളുകള്‍ ഗുരുനാനാക്ക് ജന്‍മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനായി പാക്കിസ്ഥാനിലേക്ക് കടന്നത്. വിധവയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ സരബ്ജീത് തൊട്ടടുത്ത ദിവസം തീര്‍ത്ഥാടകര്‍ക്കായി പ്ലാന്‍ ചെയ്ത സ്ഥലത്ത് സന്ദര്‍ശനത്തിനു പോകാതെ മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
സിഖ് സമൂഹത്തിനു ഏറ്റവും പ്രിയപ്പെട്ട നങ്കന സാഹിബ് സന്ദര്‍ശിക്കാന്‍ പോകാതെ പകരം സരബ്ജീത് നാസിര്‍ ഹുസൈനൊപ്പം ഷെയ്ഖുപുരയിലെത്തി ഇസ്ലാംമത പ്രകാരം വിവാഹം കഴിച്ചു. നിക്കാഹിനു മുന്‍പുതന്നെ നൂര്‍ എന്ന പേര് കൂടി സരബ്ജിത് സിങ് സ്വീകരിച്ചു. നവംബര്‍ 13ന് തീര്‍ത്ഥാടകരെല്ലാം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സരബ്ജീത് സിങ്ങിനെ കാണാതായ വിവരം കുടുംബം അറിയുന്നത്.
അതേസമയം പാക് പൊലീസ് പിന്നാലെയാണെന്നും വീട്ടില്‍ അനധികൃത റെയ്ഡ് നടത്തിയെന്നും കാണിച്ച് നാസിറും സരബ്ജീതും പാക്കിസ്ഥാനിലെ കോടതിയെ സമീപിച്ചു. തന്‍റെ വീസാ കാലാവധി നീട്ടിനല്‍കാനായി ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ സമീപിച്ചെന്നും പാക് പൗരത്വം സീകരിക്കാന്‍ സമയം നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ദമ്പതികളുടെ ഹര്‍ജി പരിഗണിച്ച കോടതി പൊലീസിന്‍റെ നടപടിയെ ശാസിക്കുകയും ചെയ്തു. ഒമ്പതു വര്‍ഷത്തോളമായി ഫെയ്സ്ബുക്കിലൂടെ പരിചയമുള്ള വ്യക്തികളാണെന്ന് പറഞ്ഞ സരബ്ജീതിന്‍റെ വിഡിയോ വൈറലായിരുന്നു. അതേസമയം സരബ്ജീതിനെ കാണാതായ സംഭവത്തില്‍ പഞ്ചാബ് പൊലീസും അന്വേഷണം ആരംഭിച്ചു.