യുഎസില്‍ കടുത്ത വാക്കുതര്‍ക്കത്തിന്റെ ദിവസങ്ങളാണ് കടന്നുപോകുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സോഹ്റാൻ മംദാനിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ പരാമര്‍ശത്തെച്ചൊല്ലി മാധ്യമപ്രവർത്തകൻ മെഹ്ദി ഹസനുമായി എക്സിലുള്‍പ്പെടെ കടുത്ത പോരിലാണ് ട്രംപിന്റെ വലംകൈയും തീവ്ര വലതുപക്ഷ പ്രവർത്തകയുമായ ലോറ ലൂമർ.
സെപ്റ്റംബര്‍ 11ന് യുഎസിനെ നടുക്കിയ ആക്രമണത്തിനു പിന്നാലെ മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനങ്ങളെക്കുറിച്ചായിരുന്നു സോഹ്റാന്‍ മംദാനി പരാമര്‍ശിച്ചത്. എന്നാല്‍ ഈ പരാമര്‍ശത്തെ പരിഹസിച്ചാണ് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് സംസാരിച്ചത്. വാന്‍സിന്റെ വാക്കുകള്‍ക്കെതിരെയാണ് മെഹ്ദി ഹസന്‍ പ്രതിഷേധിച്ചത്. ‘ഒരു തവിട്ടുനിറക്കാരിയെ വിവാഹം കഴിക്കുകയും മിശ്ര വംശജരായ കുട്ടികളുണ്ടാവുകയും ചെയ്തിട്ടും, വംശീയ വിദ്വേഷത്തെക്കുറിച്ച് വൈകാരികമായി സംസാരിക്കുന്ന മറ്റ് തവിട്ടുനിറക്കാരെ പൊതുസ്ഥലത്തുവച്ച് പരിഹസിക്കുന്നുവെന്നാണ് വാന്‍സിനെക്കുറിച്ച് ഹസന്‍ പറഞ്ഞ വാക്കുകള്‍.
എന്നാല്‍ ജെഡി വാന്‍സിന്റെ ഭാര്യ മുസ്‌ലിമല്ലെന്നും ഇന്ത്യൻ വംശജയും പ്രഗത്ഭയായ അഭിഭാഷകയും ഹിന്ദുമത വിശ്വാസിയുമായ ഉഷാ വാൻസിനെയാണ് ജെഡി വാന്‍സ് വിവാഹം ചെയ്തതെന്നും ലൂമര്‍ പറയുന്നു. ‘അവർ മുസ്‌ലിമായിരുന്നെങ്കില്‍ വാന്‍സ് ഒരിക്കലും വൈസ് പ്രസിഡന്റ് ആകില്ലായിരുന്നു, കാരണം ഒരു മുസ്ലിമിന് വൈറ്റ് ഹൗസിൽ സ്ഥാനമുണ്ടെന്ന് കരുതുന്നുണ്ടോ?. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഉഷാ വാൻസ് ഒരു പ്രഗത്ഭയായ ഹൈന്ദവ അമേരിക്കൻ ആണ്, ഞങ്ങളുടെ പ്രശ്നം തവിട്ടുനിറക്കാരുമായിട്ടല്ല. അത് ഇസ്ലാമുമായിട്ടാണെന്നും ലൂമര്‍ തുടരുന്നു.
മെഹ്ദി ഹസനുമായി നേരത്തേയും കൊമ്പുകോര്‍ത്തിട്ടുണ്ട് ട്രംപ് അനുയായിയായ ലൂമര്‍. ‘ഹസന്‍ ഒരു മുസ്‌ലിം കുടിയേറ്റക്കാരനാണ്, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും യുകെയിലേക്കും നിങ്ങളുടെ മാതാപിതാക്കൾ ജനിച്ച ഇസ്ലാമിക രാജ്യങ്ങളിലേക്കും തിരികെ പോകാ’മെന്നുള്ള ലൂമറിന്റെ വാക്കുകള്‍ നേരത്തേയും വിവാദമായിട്ടുണ്ട്.