ദുബായ് മ്യൂസിയം ഓഫ് ആർട്ട് ഇനി കാണികളിലേക്ക്. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച മ്യൂസിയം ദുബായിയുടെ കലാപരമായ തനിമ വിളിച്ചോതുന്നതാണ്. ബുർജ് ഖലീഫയും മ്യൂസിയം ഓഫ് ദി ഫ്യൂച്ചറും പോലെ ദുബായിയുടെ പ്രശസ്തമായ വാസ്തുവിദ്യാ വിസ്മയമാണ് ഈ മ്യൂസിയവും.
ലോകപ്രശസ്ത ജാപ്പനീസ് വാസ്തുശില്പി തഡാവോ ആൻഡോയാണ് അഞ്ച് നിലകളുള്ള മ്യൂസിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കടലിൽ നിന്നും മുത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മ്യൂസിയത്തിന്റെ ഘടന, മധ്യഭാഗത്തുള്ള വൃത്താകൃതിയിലെ ജാലകം വഴി സൂര്യരശ്മി ഉള്ളിലേക്ക് പതിക്കുമ്പോൾ, മ്യൂസിയം ഒരു മുത്തുപോലെ തിളങ്ങും.
ആധുനികവും സമകാലികവുമായ കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്ന ഗാലറികളാണ് പ്രധാന ആകർഷണം. ലൈബ്രറി, പഠനയിടം, കഫേ എന്നിവ കൂടാതെ ക്രീക്കിന്റെ ഭംഗി ആസ്വദിക്കാൻ പ്രത്യേക വ്യൂ പോയിന്റുകളുമുണ്ട്. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി . കലയ്ക്കും സംസ്‌കാരത്തിനുമായി ലോകത്തെ ഒന്നിപ്പിക്കുന്ന വേദി ഒരുക്കുകയാണ് ലക്ഷ്യം.