പാക്കിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ തുറന്ന യുദ്ധത്തിന് ക്ഷണിച്ച് പാക് താലിബാന്‍. പാക് താലിബാന്‍ പുറത്തുവിട്ട വിഡിയോയിലൂടെയാണ് അസിം മുനീറിനെ കടുത്ത ഭാഷയില്‍ തെഹ്‌രിക് ഇ താലിബാന്‍ വെല്ലുവിളിക്കുന്നത്. യുവസൈനികര്‍ക്കും താഴ്ന്ന റാങ്കിലുള്ള സൈനികര്‍ക്കും പകരം അസിം മുനീറിനെപ്പോലുള്ള ഉയര്‍ന്ന റാങ്കിലുള്ള സൈനികര്‍ യുദ്ധരംഗത്തെത്തണമെന്നാണ് പാക് താലിബാന്‍ ആവശ്യപ്പെടുന്നത്.
ഒരു പ്രമുഖ ടിടിപി കമാൻഡർ മുനീറിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാകിസ്ഥാൻ സൈന്യം സൈനികരെ മരണത്തിലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്നാണ് വിഡിയോയില്‍ ആവശ്യപ്പെടുന്നത്. ഒപ്പം ഖൈബർ പഖ്തൂൺഖ്വയിലെ കുറമിൽ ഒക്ടോബർ 8-ന് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഈ ആക്രമണത്തിൽ 22 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് ടിടിപി അവകാശപ്പെടുന്നുണ്ട്.
നിങ്ങള്‍ ആണാണെങ്കില്‍ ഞങ്ങളോട് പോരാടൂവെന്നും, അമ്മയുടെ പാല്‍ കുടിച്ചവനാണെങ്കില്‍ ഞങ്ങളോട് നേര്‍ക്കുനേര്‍ യുദ്ധം ചെയ്യൂവെന്നും ഈ വിഡിയോയില്‍ പാക് താലിബാന്‍ അസിം മുനീറിനെ വെല്ലുവിളിക്കുന്നു. ദിവസങ്ങളോളം നീണ്ട അതിർത്തി കടന്നുള്ള ഷെല്ലാക്രമണങ്ങൾക്കും വ്യോമാക്രമണങ്ങൾക്കും പിന്നാലെ ഇരുവശത്തും സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു
അഫ്ഗാൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന സായുധ സംഘങ്ങൾക്കെതിരെ അഫ്ഗാനിസ്ഥാൻ നടപടിയെടുക്കുകയാണെങ്കിൽ മാത്രമേ വെടിനിർത്തൽ സാധ്യമാകൂവെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. അതേസമയം തന്നെ ടിടിപിയുടെ യുദ്ധക്കളത്തിലെ വിജയവും പോരാട്ടവീര്യവും മറ്റു സായുധസംഘങ്ങളെയും ധൈര്യപ്പെടുത്തിയിരിക്കുന്നതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.