കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും എയറിലായി. ഗായിക കാറ്റി പെറിയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനമാണ് ട്രൂഡോയ്ക്ക് നേരിടേണ്ടിവരുന്നത്. കാറ്റി പെറിയുടെ കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള ബോട്ടില്‍വച്ചുള്ള ചിത്രങ്ങളും വിഡിയോകളുമാണ് പുറത്തുവന്നത്.
കറുത്ത സ്വിംസ്യൂട്ട് ധരിച്ച കാറ്റി പെറിക്കൊപ്പം മേല്‍വസ്ത്രമില്ലാതെയാണ് ട്രൂഡോയെ കാണാനാവുക. ഇരുവരും ബോട്ടിന്റെ ഡെക്കിൽ വിശ്രമിക്കുന്നതിനിടെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍. ട്രൂഡോ കാറ്റി പെറിയുടെ കവിളിൽ തലോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വിഡിയോക്കും ചിത്രങ്ങള്‍ക്കും താഴെ കടുത്ത വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്. ഈ ട്രൂഡോ എന്തൊരു മനുഷ്യനാണെന്നും ഭാര്യയോടും മക്കളോടും അല്‍പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടോയെന്നും ചോദിക്കുന്നു ഒരു എക്സ് ഉപയോക്താവ്. ഒരാള്‍ ബഹിരാകാശ സഞ്ചാരിയായും മറ്റൊരാള്‍ പ്രധാനമന്ത്രിയായും അഭിനയിച്ചുവെന്നാണ് ഒരാളുടെ കമന്റ്.
‘ഇതിനർത്ഥം, കാറ്റി പെറി ജസ്റ്റിൻ ട്രൂഡോയെക്കുറിച്ച് പാട്ടുകൾ എഴുതുന്ന ഒരു ഭാവിയാണ് നമ്മൾ ഇനി കാണാൻ പോകുന്നത് എന്നാണ്. ഇതെന്തൊരു ജീവിതം!’– മറ്റൊരു എക്സ് ഉപയോക്താവ് കുറിക്കുന്നു.
അതേസമയം ട്രൂഡോയുടെ പോയകാലത്തെ തെറ്റുകളും വിലയിരുത്തലുകളുമുള്‍പ്പടെ ഈ ചിത്രങ്ങള്‍ക്ക് താഴെ കാണാം. ട്രൂഡോ ആരുമായി ഡേറ്റ് ചെയ്യുന്നു എന്നത് വിഷയമല്ലെന്നും എന്നാൽ ഈ വ്യക്തി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം നശിപ്പിച്ചെന്നും ഒരു വിഭാഗം കനേഡിയൻസിനോട് വിദ്വേഷം കാണിച്ചെന്നും പറയുന്നു ഒരാള്‍. കനേഡിയൻസിന്റെ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡംസ് ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും ഇതൊന്നും ഒരു വിഷയവുമല്ല എന്ന ചിന്തയില്‍ ജീവിതം ആസ്വദിക്കുകയാണെന്നും ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയക്കാരന്‍ എന്നും വിശേഷിപ്പിക്കുന്നു ചിലര്‍. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ട്രൂഡോയുടെ ചിത്രങ്ങളും ഈ ദൃശ്യങ്ങള്‍ക്കൊപ്പം പുറത്തുവരുന്നുണ്ട്.