Image Credit: Reuters
ചൈനയുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കിയാല്‍ കാനഡയ്ക്കുമേല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ‍് ട്രംപ്. തീരുമാനം കാനഡയ്ക്ക് ആപത്താകുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കി. ബെയ്ജിങ് സന്ദര്‍ശനത്തിനിടെ വിശ്വസിക്കാവുന്ന പങ്കാളിയെന്ന് കാര്‍ണി ചൈനയെ വിശേഷിപ്പിച്ചിരുന്നു. ചൈനയുമായുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുമെന്നും കാര്‍ണി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ തീരുവകളെ ആയുധമാക്കി രാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതിനെ ട്രംപിനെ കാര്‍ണി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുള്ള ബോര്‍ഡ് ഓഫ് പീസ് സേനയില്‍ കാനഡയ്ക്കുള്ള ക്ഷണം ട്രംപ് പിന്‍വലിക്കുകയും ചെയ്തു.
FILE PHOTO: Canadian Prime Minister Mark Carney meets with President of China Xi Jinping at the Great Hall of the People in Beijing, China on Friday, Jan. 16, 2026. Sean Kilpatrick/Pool via REUTERS/File Photo
കാനഡയുടെ ഗവര്‍ണര്‍ എന്നാണ് ട്രംപ് കാര്‍ണിയെ പരിഹാസപൂര്‍വം വിശേഷിപ്പിച്ചത്. യുഎസിലേക്ക് സാധന സാമഗ്രികള്‍ കൊണ്ടുവരാനും പോകാനും ചൈനയ്ക്കുള്ള ഇടത്താവളമായി പ്രവര്‍ത്തിക്കാനാണ് കാനഡയുടെ തീരുമാനമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും കാര്‍ണിക്ക് തെറ്റിപ്പോയി എന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. കാനഡയെ മുഴുവനായി ചൈന വിഴുങ്ങിക്കളയുമെന്നും വാണിജ്യ–വ്യാപാര രംഗത്തെയും സാമൂഹിക ബന്ധങ്ങളെയും സാധാരണ ജന ജീവിതത്തെയും തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഗ്രീന്‍ലന്‍ഡില്‍ ഗോള്‍ഡന്‍ ഡോം സ്ഥാപിക്കുന്നതിനെ കാനഡ എതിര്‍ത്തതിനെയും ട്രംപ് വിമര്‍ശിച്ചു. ഗ്രീന്‍ലന്‍ഡില്‍ ഗോള്‍ഡന്‍ ഡോം സ്ഥാപിച്ചാല്‍ അത് കാനഡയെയും സംരക്ഷിക്കും. അതിന് പകരം അവര്‍ ചൈനയുമായി വ്യാപാരം നടത്താനാണ് താല്‍പര്യപ്പെടുന്നത് എന്നായിരുന്നു ട്രംപിന്‍റെ വാക്കുകള്‍.
തിരഞ്ഞെടുക്കപ്പെട്ട കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുറയ്ക്കാമെന്ന് ചൈനയും ചൈനയില്‍ നിന്നുള്ള ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് ക്വോട്ട നല്‍കാമെന്ന് കാനഡയും ധാരണയില്‍ എത്തിയിരുന്നു. കാനഡയിലെ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം ഉറപ്പിക്കുന്ന തീരുമാനമായാണ് ലോക രാജ്യങ്ങള്‍ ഇതിനെ വിലയിരുത്തുന്നത്. ഒരു ദശാബ്ദത്തിനിടെ ചൈന സന്ദര്‍ശിക്കുന്ന ആദ്യ കനേഡിയന്‍ പ്രധാനമന്ത്രിയും കാര്‍ണിയാണ്. കാര്‍ണിയുടെ സന്ദര്‍ശനം ഉഭയകക്ഷി ബന്ധങ്ങളില്‍ പുതിയ തുടക്കമെന്നാണ് ഷീ ചിന്‍ പിങ് വിശേഷിപ്പിച്ചത്.