Image; Cristy, Video,Instagram
എന്തിനും ഏതിനും എഐ സാധ്യതകള്‍ തേടുന്ന കാലമാണിത്. എന്നാല്‍ ചാറ്റ് ജിപിടി നല്‍കിയ തെറ്റായ വിവരം എത്രത്തോളം ഗുരുതരമാണെന്ന് വെളിപ്പെടുത്തുകയാണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ യുവതി. അങ്ങേയറ്റം വിഷമുള്ള സസ്യത്തിന്‍റെ ഇലയുടെ ചിത്രം കൊടുത്ത് വിവരം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് കാരറ്റിന്‍റെ ഇലയെന്നായിരുന്നു ചാറ്റ് ജിപിടിയുടെ മറുപടി.
യുവതിയുടെ അനുഭവ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഭൂരിഭാഗം ആളുകളും പാചകക്കുറിപ്പ് മുതല്‍ വീട്ടിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് വരെ സംശയം തീര്‍ക്കുന്നത് ചാറ്റ് ജിപിടിയോട് ചോദിച്ചാണ്. അത് നല്‍കുന്ന മറുപടിയില്‍ വിശ്വസിച്ചിരുന്നാല്‍ ആപത്തായിരിക്കും ഫലമെന്നാണ് അഞ്ചുലക്ഷത്തോളം അനുയായികളുള്ള ഇന്‍ഫ്ലുവന്‍സര്‍ ക്രിസ്റ്റി പറയുന്നത്.
തന്‍റെ സുഹൃത്തിനുണ്ടായ അനുഭവമാണ് ക്രിസ്റ്റി ഉപയോക്താക്കള്‍ക്കൊപ്പം പങ്കുവച്ചത്. സുഹൃത്തിന്‍റെ വീട്ടുവളപ്പില്‍ തനിയേ വളര്‍ന്നുവന്ന ചെടിയുടെ ഇലകളുടെ ചിത്രമെടുത്ത് ചാറ്റ് ജിപിടിയിലിട്ട് ഇതേത് ചെടിയാണെന്ന് ചോദിച്ചു. നിസ്സംശയം വന്നു മറുപടി, കാരറ്റ് ഇലകളാണെന്നായിരുന്നു ചാറ്റ് ജിപിടി കണ്ടെത്തിയ മറുപടി. നന്നായി വിടര്‍ന്നു നില്‍ക്കുന്ന തൂവലുകള്‍ക്ക് സമാനമായ ഇലകള്‍ കാരറ്റിന്‍റേതാണെന്നു ചാറ്റ് ജിപിടി ഉറപ്പിച്ചു പറയുന്നു.
എന്നാല്‍ ആകെ സംശയത്തിലായ സുഹൃത്ത് പോയിസണ്‍ ഹെംലോക് എന്ന ചെടിയാണോയെന്ന സംശയം ഉന്നയിച്ചു. അല്ലെന്നു തന്നെയായിരുന്നു മറുപടി. തൊട്ടാല്‍പ്പോലും അപകടകാരിയായ വിഷച്ചെടിയാണിതെന്ന് സംശയം തോന്നിയ സുഹൃത്ത് വീണ്ടും വീണ്ടും ചാറ്റ് ചെയ്തു. പക്ഷേ ചാറ്റ് ജിപിടി സമ്മതിക്കുന്നില്ല. അത് കഴിച്ചാല്‍ മരണംവരെ സംഭവിക്കുമെന്നു പറഞ്ഞ് കൂടുതല്‍ ചിത്രങ്ങളും സുഹൃത്ത് ചാറ്റ് ജിപിടിയ്ക്ക് നല്‍കി. പക്ഷേ ആ ചെടിയുടെ മിനുസമുള്ള തണ്ടുകളില്‍ പര്‍പ്പിള്‍ നിറത്തിലുള്ള പുള്ളികളില്ല, അതുകൊണ്ട് ഹെംലോക് അല്ലെന്ന് ചാറ്റ് ജിപിടി പറഞ്ഞു.
എന്നാൽ, ആ പുള്ളികൾ ഫോട്ടോകളിൽ വ്യക്തമായി കാണാമെന്ന് ക്രിസ്റ്റി ചൂണ്ടിക്കാട്ടി. ഒടുവില്‍ സുഹൃത്ത് താനുമായി സംഭവം പങ്കുവച്ചതു കൊണ്ടുമാത്രം രക്ഷപ്പെട്ടുവെന്നാണ് ക്രിസ്റ്റി പറയുന്നത്. അതുകൊണ്ട് ഇത്തരം ചാറ്റ് ബോട്ടുകള്‍ പറയുന്നത് മാത്രം വിശ്വസിച്ച് ജീവിക്കരുതെന്നാണ് ക്രിസ്റ്റി തന്‍റെ ഫോളോവേഴ്സിനോട് പറയുന്നത്. ഇലയും തണ്ടും വിത്തും വേരുമുള്‍പ്പെടെ വിഷമയമായ ചെടിയാണ് പോയിസണ്‍ ഹെംലോക്. പുരാതന കാലത്ത് ഔദ്യോഗികമായി വധശിക്ഷ നടത്താന്‍ ഉപയോഗിച്ചിരുന്ന ചെടിയാണിതെന്നും സൂചനകളുണ്ട്. പോയിസൺ ഹെംലോകും കാരറ്റും ഡോകസ് കരോറ്റയെന്ന ( Daucus carota) ഒരേ സസ്യകുടുംബത്തില്‍ പെട്ടവയാണ്. എങ്കിലും കാഴ്ചയില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്ന് ക്രിസ്റ്റി പറയുന്നു. ലോകപ്രശസ്ത തത്വചിന്തകനായ സോക്രട്ടീസ് മരിച്ചത് ഹെംലോക് ഉള്ളില്‍ച്ചെന്നാണെന്ന് ഒരു ചരിത്രമുണ്ട്. ഇതുപോലും കണ്ടെത്താനാവാത്ത ചാറ്റ് ബോട്ടിനെ എങ്ങനെ വിശ്വസിക്കുമെന്നാണ് ക്രിസ്റ്റി ചോദിക്കുന്നത്.