AI Generated Image
ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താമെന്ന പതിമൂന്നുകാരന്റെ ചോദ്യം കേട്ട ഞെട്ടലിലാണ് ലോകം. സ്കൂളില്‍ കുട്ടികള്‍ക്കായി നല്‍കിയ കമ്പ്യൂട്ടറിലാണ് 13കാരന്‍ ചാറ്റ് ജിപിടിയുടെ സഹായം തേടിയത്. ചോദ്യം ചോദിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ എഐ അധിഷ്ഠിത സ്കൂള്‍ പ്രോഗ്രാമായ ഗാഗിള്‍ ഈ സന്ദേശം കണ്ടെത്തി അധികാരികളെ അറിയിച്ചതോടെയാണ് വലിയൊരു ദുരന്തം ഇല്ലാതായത്.
യുഎസിലെ ഓർലാൻഡോയ്ക്ക് അടുത്തുള്ള ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലെ വിദ്യാര്‍ഥിയാണ് ഈ ചോദ്യം ഉന്നയിച്ചത്. സ്കൂൾ റിസോഴ്സ് ഓഫീസർ ഉടൻ തന്നെ വിദ്യാർത്ഥിയെ ചോദ്യം ചെയ്തു. വെറുതെ തമാശ കാണിച്ചതാണ് എന്നായിരുന്നു കുട്ടിയുടെ മറുപടി. പക്ഷേ അമേരിക്കയിലെ സ്കൂളുകളില്‍ സഹപാഠികള്‍ തമ്മില്‍ അക്രമവാസന വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ സംഭവം അത്ര തമാശയായല്ല പൊലീസും സ്കൂള്‍ അധികൃതരും കണ്ടത്. 2018ല്‍ ഫ്ലോറിഡയിലെ പാർക്ക് ലാൻഡ് വെടിവെപ്പില്‍ 17 ജീവന്‍ നഷ്ടമായത് അന്നാടിന് ഇന്നും നീറുന്ന വേദനയാണ്.
ചോദ്യംചെയ്യലിനു പിന്നാലെ വൊലൂസിയ കൗണ്ടി ഷെരീഫ് ഓഫീസ് കുട്ടിയെ അറസ്റ്റ് ചെയ്ത് പ്രായപൂർത്തിയാകാത്തവരെ പാർപ്പിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. കയ്യാമം വച്ചാണ് പോലീസ് വാഹനത്തിൽ നിന്ന് കുട്ടിയെ ഇറക്കിക്കൊണ്ടുവന്നത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. ഇതുപോലൊരു തെറ്റിന് വലിയ ശിക്ഷ നല്‍കിയാല്‍ മാത്രമേ ഇനി മുന്‍പോട്ടും ജാഗ്രതയുണ്ടാവൂ എന്ന നിരീക്ഷണത്തിലാണ് കയ്യാമം വെച്ചത്.
അതേസമയം ഈ സംഭവം സ്കൂളുകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടി. കുട്ടികളുമായി സൗഹൃദപരമായ ബന്ധം കാത്തുസൂക്ഷിക്കാന്‍ മാതാപിതാക്കളോടും കൗണ്ടി പൊലീസ് ആവശ്യപ്പെടുന്നു.