kabul-blackout

A general view shows the city of Kabul, late evening on September 29, 2025, following a nation-wide communications outage. A huge communications blackout hit Afghanistan on September 29, weeks after Taliban authorities began severing fibre optic connections in multiple provinces to prevent "vice". (Photo by Wakil KOHSAR / AFP)

അഫ്ഗാനിസ്ഥാനില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ച് താലിബാന്‍. സദാചാരം സംരക്ഷിക്കാനാണ് നടപടിയെന്നാണ് വിശദീകരണം. ഇതോടെ പുറംലോകവുമായി അഫ്ഗാനുള്ള ബന്ധങ്ങള്‍ നഷ്ടമായി. ഫൈബര്‍ ഒപ്റ്റിക് സേവനം നിരോധിച്ച് ഒരാഴ്ച്ച മുന്‍പ് ഉത്തരവിറക്കിയിരുന്നു. കാബൂള്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനമടക്കം ഇതോടെ താറുമാറായി. 

ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ ഒന്നാകെ നിര്‍ത്തലാക്കിയതോടെ പൂർണ്ണമായ ഇന്റർനെറ്റ് നിരോധനമാണ് അഫ്ഗാനില്‍ അനുഭവിക്കുന്നതെന്ന് ഇന്റർനെറ്റ് നിരീക്ഷണ ഏജൻസിയായ നെറ്റ്ബ്ലോക്ക്സ് റിപ്പോർട്ട് ചെയ്യുന്നു. കാബൂളിലെ ഓഫീസുകളുമായുള്ള ബന്ധം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ പറയുന്നു. മൊബൈൽ ഇന്റർനെറ്റും സാറ്റലൈറ്റ് ടിവിയും രാജ്യത്തുടനീളം നിശ്ചലമായി. 

internet-kabul

A general view shows a telecommunications antenna installed for internet services on the rooftop of a house in Kabul, late evening on September 29, 2025, following a nation-wide telecom outage. A huge communications blackout hit Afghanistan on September 29, weeks after Taliban authorities began severing fibre optic connections in multiple provinces to prevent "vice". (Photo by Wakil KOHSAR / AFP)

കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളും തടസ്സപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എട്ട് വിമാനങ്ങളാണ് കാബൂളില്‍ നിന്നുമാത്രം റദ്ദാക്കിയത്. ബാങ്കിങ് സേവനങ്ങളും വ്യാപാരങ്ങളുമുള്‍പ്പെടെ താറുമാറായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടെലികോം സേവനങ്ങളുടെ നിരോധനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നാണ് താലിബാന്‍ അധികൃതര്‍ അറിയിക്കുന്നത്. 

അഫ്ഗാനിസ്ഥാനിലെ പല പ്രവിശ്യകളിലും ആഴ്ച്ചകളായി ഇന്റർനെറ്റ് വേഗതക്കുറവും  കണക്റ്റിവിറ്റി പ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്നു. ഇന്റർനെറ്റ് ലഭ്യതയ്ക്ക് ബദൽ മാർഗം ഉണ്ടാക്കുമെന്നാണ് താലിബാന്റെ അവകാശവാദം, എന്നാല്‍ ഇത് സംബന്ധിച്ച് തുടര്‍പ്രഖ്യാപനങ്ങളൊന്നും പിന്നീടുണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം.  

2021ല്‍ അധികാരം പിടിച്ചെടുത്ത ശേഷം താലിബാന്‍ ഇസ്ലാമിക ശരീഅത്ത് നിയമങ്ങളില്‍ സ്വയംവ്യാഖ്യാനം നടത്തി നിരവധി നിയന്ത്രണങ്ങള്‍ വരുത്തിയിരുന്നു. രണ്ടാഴ്ച്ച മുന്‍പാണ് അഫ്ഗാനിലെ സര്‍വകലാശാലകളില്‍ വനിതാഎഴുത്തുകാരുടെ പുസ്തകങ്ങള്‍ നിരോധിച്ചത്. ഇത് രാജ്യാന്തര തലത്തില്‍ തന്നെ വലിയ തോതിലുള്ള പ്രതിഷേധത്തിന് വഴിവച്ചിരുന്നു. അമേരിക്കയും മറ്റ് അന്താരാഷ്ട്ര സേനകളും അഫ്ഗാനില്‍ നിന്നും പിന്മാറിയതിനു പിന്നാലെയാണ് മിന്നല്‍വേഗത്തിലുള്ള മുന്നേറ്റത്തിലൂടെ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം തിരിച്ചുപിടിച്ചത്.

ENGLISH SUMMARY:

Afghanistan internet ban has been imposed by the Taliban. This action isolates the country, disrupting communication and essential services.