യുഎസിൽ ജോലി ചെയ്യാൻ ഇന്ത്യക്കാരുൾപ്പെടെ വിദേശികൾക്ക് അനുവദിക്കുന്ന എച്ച്1ബി വീസയുടെ ഫീസ് കുത്തനെകൂട്ടി. ഒരുലക്ഷം യുഎസ് ഡോളറാണ് പുതുക്കിയ ഫീസ്. യുഎസില്‍ തൊഴിലെടുക്കാനാഗ്രഹിക്കുന്ന വിദേശികള്‍ക്ക് തിരിച്ചടിയാണ് തീരുമാനം. ഇതിലൂടെ അമേരിക്കക്കാരുടെ ജോലി തട്ടിയെടുക്കുന്നത് ഒഴിവാക്കാനാകുമെന്ന് ട്രംപ് വ്യക്തമാക്കി.
ഇന്ത്യന്‍ ടെക്കികള്‍ക്കുള്‍പ്പെടെ കനത്ത പ്രഹരമാണ് ഇതിലൂടെ യുഎസ് ഭരണകൂടം നല്‍കുന്നത്. അമേരിക്കക്കാര്‍ക്ക് അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് ട്രംപിന്റെ വാദം. വ്യക്തികൾക്ക് 10 ലക്ഷം ഡോളറും (USD 1 million) ബിസിനസ്സുകൾക്ക് 20 ലക്ഷം ഡോളറും (USD 2 million) ഫീസ് നിശ്ചയിച്ചുകൊണ്ടാണ് ഗോൾഡ് കാർഡ് വിസ പദ്ധതിക്ക് ഉത്തരവിട്ടത്. ഇതൊരു വലിയ വിജയമാകുമെന്നും കോടിക്കണക്കിന് ഡോളർ സമാഹരിക്കാനും നികുതി കുറയ്ക്കാനും കടം തീര്‍ത്ത് മറ്റ് നല്ല കാര്യങ്ങൾ ചെയ്യാനും ഇതിലൂടെ സാധിക്കുമെന്നുമായിരുന്നു ഉത്തരവില്‍ ഒപ്പുവച്ച ശേഷം ട്രംപ് പറഞ്ഞത്.
പുതിയ വീസ പദ്ധതി തയ്യാറാക്കുന്നതിലൂടെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള വ്യക്തികളെ മാത്രമേ യുഎസിന് സ്വീകരിക്കേണ്ടി വരികയുള്ളൂവെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുറ്റ്നിക് അഭിപ്രായപ്പെട്ടു. അമേരിക്കക്കാരിൽ നിന്ന് തൊഴിൽ തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്ക് പകരം, ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള അസാധാരണ വ്യക്തികളെ മാത്രമേ ഞങ്ങൾ സ്വീകരിക്കുകയുള്ളൂ. അവർ അമേരിക്കക്കാർക്ക് ബിസിനസ്സുകളും തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഈ പദ്ധതി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ ട്രഷറിയിലേക്ക് 10,000 കോടി ഡോളറിലധികം (more than $100 billion) സമാഹരിക്കാന്‍ കാരണമാകുമെന്നും ലുറ്റ്നിക് പറയുന്നു.
അനധികൃത കുടിയേറ്റം തടയുന്നതിനും യുഎസിന് സംഭാവന നല്‍കാന്‍ കഴിവുള്ളവരെ സ്വീകരിക്കാനും ഇതിലൂടെ സാധിക്കുമെന്നും വൈറ്റ്ഹൗസ് വക്താവ് വ്യക്തമാക്കി. വലിയ സാങ്കേതിക കമ്പനികളോ മറ്റ് കമ്പനികളോ ഇനി വിദേശ തൊഴിലാളികളെ പരിശീലിപ്പിക്കില്ല എന്നതാണ് ഈ ആശയത്തിന്റെ കാതലെന്നും കമ്പനികള്‍ ഇനി നമ്മുടെ രാജ്യത്തെ മികച്ച സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദധാരികളെ മാത്രം പരിശീലിപ്പിക്കുമെന്നും പറയുന്നു. നമ്മുടെ ജോലികൾ തട്ടിയെടുക്കാൻ ആളുകളെ കൊണ്ടുവരുന്നത് നിർത്തുക, അതാണ് ഈ നയമെന്നും അതിന് എല്ലാ കമ്പനികളും തയ്യാറാണെന്നും ലുറ്റ്നിക് വ്യക്തമാക്കുന്നു.