അവ ഇന്ന് വെറും ആപ്പുകളല്ല. ഒരു സാമ്രാജയായോ അദൃശ്യഭരണകൂടമായോ അവ മാറിയിരിക്കുന്നു. അവിടെ ഒരു ഭരണാധികാരിയോ നേതാവോ ഇല്ല. പക്ഷേ പ്രചരിക്കുന്ന ആശയങ്ങള്‍ക്ക് പ്രജകള്‍ക്ക് മേല്‍ വലിയ സ്വാധീനമുണ്ട് . പറയുന്നത് മറ്റൊന്നിനേക്കുറിച്ചുമല്ല, സമൂഹ മാധ്യമങ്ങളെ കുറിച്ചാണ്. നിങ്ങള്‍ എന്തുകാണണം എന്തു കേള്‍ക്കണം എങ്ങിനെ ചിന്തിക്കണം എന്തെല്ലാം വിശ്വസിക്കണമെന്നെല്ലാം അവര്‍ നിശ്ചയിക്കും . നേപ്പാില്‍ കണ്ടത് അതാണ് . മുമ്പ് അറബ് വസന്തത്തിലും അമേരിക്കിലെ ബ്ലാക്ക് ലൈവ്സ് മാറ്ററിലും എന്തിന് മീടുവില്ത പോലും അത് കണ്ടു.
ഭൂഖണ്ഡങ്ങള്‍ കടന്ന് വലവിരിച്ച സമൂഹമാധ്യമങ്ങൾ പലതും ഇന്നൊരു വന്‍ശക്തി റോളിലാണ് . വലിയ രാജ്യങ്ങളുടെ ജനസംഖ്യയോളമോ അതിന്‍റെ പല മടങ്ങോ അവർക്ക് ആരാധകരും ഫോളോവർമാരുമുണ്ട്. അതാണ് ഈ ശക്തികളുടെ സൈന്യം. അൽഗോരിതങ്ങൾ ആയുധങ്ങളാക്കി അവർ ഈ സൈന്യത്തെ നിയന്ത്രിക്കുന്നു. അവർ തുനിഞ്ഞിറങ്ങിയാൽ, ഒരു രാജ്യത്തിന്‍റെ ഭരണസംവിധാനത്തെ തകിടം മാറിക്കാമെന്നും ജനങ്ങളെ പ്രതിഷേധായുധമാക്കി മാറ്റമെന്നും നേപ്പാൾ തെളിയിച്ചിരിക്കുന്നു.
ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ സാങ്കേതിക അത്ഭുതങ്ങളിൽ ഒന്നാണ് സോഷ്യൽ മീഡിയ. ലോകത്തിന്‍റെ പല ഭാഗങ്ങളെ ഒരു ചങ്ങല പോലെ ബന്ധിപ്പിക്കുന്ന സമൂഹ മാധ്യമങ്ങൾ വഴി ഒരു ഭരണസംവിധാനത്തെ അട്ടിമറിക്കാനും ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ രാജി വയ്പ്പിക്കാനും സാധിക്കുമെന്ന് നേപ്പാളിലെ സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ വ്യക്തം. അവിടെ പല സമൂഹമാധ്യമങ്ങളും വിലക്കപ്പെട്ടപ്പോൾ ആ ഒഴിവു നികത്താൻ ടിക് ടോക് പോലെ ഒരു മാധ്യമം മാത്രം മതിയായിരുന്നു. യുവാക്കള്‍ ആ പ്ലാറ്റ്ഫോമല്‍ നിന്ന് ലൈക്കുകളും ഷെയറുകളും കമൻറുകളും ആയുധങ്ങളാക്കി ആക്രമണം അഴിച്ചുവിട്ടു. സത്യമല്ല, സാധൂകരണമാണ് അവിടെ കണ്ടത്. ആ സാധൂകരണം എത്രത്തോളം രാജ്യത്തിനു പ്രയോജനപ്പെട്ടു എന്നത് കാത്തിരുന്നു കാണണം.
രാഷ്ട്രീയ അസ്ഥിരത ഒഴിയാത്ത നേപ്പാൾ പോലുള്ള രാജ്യങ്ങളിൽ സമൂഹമാധ്യമങ്ങൾക്ക് ജനങ്ങളെ സ്വാധീനിക്കാനും ഭരണകൂടത്തെ തകിടം മറിക്കാനും കഴിയും. ജനശ്രദ്ധ പിടിച്ചുപറ്റുകയാണ് തന്ത്രം. ആ തന്ത്രം മണിക്കൂറുകൾക്കുള്ളിൽ വൈറലാകും. ഒരു രാത്രി പുലരുന്നതിനുമുമ്പ് ജനം തടിച്ചുകൂടാൻ ആ തന്ത്രം മതി.
അറബ് വസന്തത്തിലും, ഹോങ്കോങിലും, ഇന്ത്യയിലെ കർഷക സമരത്തിലും ഈ തന്ത്രം നാം കണ്ടതാണ്. ഒരു ഹാഷ് ടാഗ് കണ്ടാൽ ഭക്ഷണമുപേക്ഷിച്ച് ഫോളോവർമാർ തെരുവിലിറങ്ങും. സിറ്റിസൺ ജേര്‍ണലിസം എന്ന് നാം ഇത്രയും കാലം ഓമനപ്പേരിട്ടു വിളിച്ചിരുന്ന ആ മാധ്യമപ്രവർത്തനത്തിന് അതിരുകളില്ല, പെരുമാറ്റച്ചട്ടങ്ങളില്ല, മര്യാദകളില്ല. അതെല്ലാം ജനം നിശ്ചയിക്കും. സന്ദേശങ്ങൾ വൈറലാകുന്നതിന് ശരി തെറ്റുകളില്ല. ഇൻഫ്ലുവൻസർമാരാണ് ശരിയും തെറ്റും നിയന്ത്രിക്കുന്നത്. ഐഡൻ്റിറ്റി ബ്രാൻഡായി മാറുമ്പോൾ ആധികാരികത തെരുവുകളിൽ ഇല്ലാതാകുന്നു.
നേപ്പാളിൽ അഴിമതികൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് സമൂഹമാധ്യമങ്ങൾ വഴി ജെൻ സി കൂട്ടായ്മ പ്രചാരണങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്. ഇതനിടെയാണ് നേപ്പാളില്‍ പ്രചാരത്തിലുള്ള സമൂഹ മാധ്യമങ്ങള്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തിനുകീഴില്‍ റജിസ്ട്രേഷന്‍ എടുക്കണമെന്ന നിര്‍ദേശം വന്നത് . റജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ സൈബര്‍ ക്രൈമുകളടക്കം തടയുന്നതിന് ആവശ്യമെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഡേറ്റ എടുക്കാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കുമായിരുന്നു. എന്നാല്‍ മെറ്റയടക്കം ഭൂരിപക്ഷം കമ്പനകളും റജിസ്ട്രേഷന് തയ്യാറായില്ല. പിന്നെ നിരോധനം മാത്രമായി സര്‍ക്കാരിന് മുന്നിലുള്ള വഴി. വാട്സ്ആപ്പ്, ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയെല്ലാം സർക്കാർ നിരോധിച്ചു. അവശേഷിച്ചത് ടിക്ക് ടോക്ക് മാത്രം. അതോടെ നേപ്പാളിലെ ജെൻസി ടിക്ടോക്കിനെ മുറുകെപിടിച്ചു. വരിഞ്ഞു മുറുക്കാന്‍ അതു മാത്രം മതിയായായിരുന്നു എന്ന തിരിച്ചറിയാന്‍ സര്‍ക്കാരിനൊട്ടായതുമില്ല. നേപ്പാളിലെ സാമൂഹ്യ മാധ്യമ നിരോധനതിനെതിരെയുള്ള പുതു തലമുറയുടെ പ്രതിഷേധം സർക്കാർ വിരുദ്ധതയ്ക്കപ്പുറം സോഷ്യൽ മീഡിയ എന്ന ആഗോളശക്തി എപ്രകാരം ഒരു ഭരണകൂടത്തെ കീഴ്മേൽ മറിക്കുന്നു എന്ന് കാട്ടിതരുന്നതു കൂടിയാണ്
സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നേപ്പളിന് പുതുമയുള്ളതല്ല. റാണാ രാജവംശത്തിന്‍റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ നടന്ന ആദ്യകാല സമരങ്ങൾ മുതൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) നേതൃത്വം നൽകിയ 1996 മുതൽ 2006 വരെ നീണ്ട നേപ്പാളി ആഭ്യന്തരയുദ്ധവുമെല്ലാം നേപ്പാളിനെ മാറ്റി മറിച്ച പ്രക്ഷോഭങ്ങാണ്. എന്നാൽ യുവജനങ്ങൾ നേതൃത്വം നൽകുന്ന പ്രക്ഷോഭം ഇതാദ്യമാണ്.
'ഹത്യാര സർക്കാർ'(കൊലയാളി സർക്കാർ)എന്നാ മുദ്രാവാക്യവുമായി ന്യൂജെൻ ആണ് മുന്നിൽ നിന്നത്. അഴിമതി, തൊഴിലില്ലായ്മയും, സർക്കാരിന്‍റെ ഏകാധിപത്യ സമീപനങ്ങളും കഴിഞ്ഞ 2 വർഷത്തോളമായി നേപ്പാളിലെ യുവത്വത്തെ അലട്ടുന്നുണ്ട്. സാമൂഹിക സാമ്പത്തിക അസമത്വങ്ങളിൽ വീർപ്പുമുട്ടുന്ന 'ജെൻ സി' കളുടെ ഏക ആശ്വാസമായ സോഷ്യൽ മീഡിയയുടെ നിരോധനം കൂടിയായപ്പോൾ രോഷാഗ്നി ആളിപ്പടർന്നു. 2021 ലെ സെൻസസ് പ്രകാരം നേപ്പാളിലെ ജനസംഖ്യയുടെ 40 ശതമാനവും 16 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്.
ഇതിന് മുമ്പ് ടുണീഷ്യൻ വിപ്ലവാണ് ഇത്തരത്തില്‍ ലോകത്തെ ഞെട്ടിച്ചത്, അതിന്‍റെ ഘടനയോ സ്വഭാവമോ കൊണ്ടല്ല, ആ വിപ്ലവത്തിൽ സോഷ്യൽ മീഡിയ വഹിച്ച പങ്കാണ് കാരണം. 2010-2011-ലെ ടുണീഷ്യൻ പ്രക്ഷോഭം അല്ലെങ്കിൽ ജാസ്മിൻ വിപ്ലവത്തിൽ സോഷ്യൽ മീഡിയ ഒരു നിർണായക ഉപാധിയായിരുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം,അഴിമതി, അഭിപ്രായ സ്വാതന്ത്ര്യം, താഴ്ന്ന ജീവിതനിലവാരം എന്നീ കാരണങ്ങളാണ് പ്രക്ഷോഭത്തിലേക്കും കലാപത്തിലേക്കും നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
A demonstrator waves a flag as he stands atop a vehicle near the entrance of the Parliament during a protest against corruption and government s decision to block several social media platforms, in Kathmandu, Nepal September 8, 2025. REUTERS/Navesh Chitrakar TPX IMAGES OF THE DAY
സർക്കാരിനെ ഓൺലൈനിൽ വിമർശിക്കുകയും പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തതിന് സോഷ്യൽ മീഡിയ പ്രവർത്തകരെ ടുണീഷ്യൻ പോലീസ് അന്ന് അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകളും രംഗത്തിറങ്ങി. അന്ന് പ്രതിഷേധക്കാർക്ക് വിവരങ്ങൾ ശേഖരിക്കുന്നതിനും പങ്കിടുന്നതിനും ട്വിറ്ററും ഫേസ്ബുക്കും പ്രധാന പ്ലാറ്റഫോമുകളായി മാറി. ജനങ്ങൾ അവയെ ഡിജിറ്റൽ വിഗ്രഹങ്ങളായി ആരാധിച്ചു.
പലയിടങ്ങളിലും ഇന്ന് സമൂഹമാധ്യമങ്ങളെ സർവവ്യാപികളായ ദേവതകളായി വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. ആ സ്വാധീനം ഇന്ന് അവർക്ക് സത്യവും ശക്തിയുമാണ്. പക്ഷേ ആ "ഭക്തരെ" കാണപ്പെട്ട ദൈവങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ശബ്ദമില്ലാത്തവർക്ക് ശബ്ദം ലഭിച്ചുതുടങ്ങി എന്ന യാഥാർഥ്യം ഭരണാധികാരികൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സമുഹമാധ്യമങ്ങള്‍ ശക്തമാണ് . ആ ശക്തി എങ്ങിനെ ഉപയോഗിക്കപ്പെടുന്നു എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. കൈവിട്ടുപോയാല്‍ പിന്നെ ഒന്നും തിരിച്ചു പിടിക്കാനകില്ല എന്ന യഥാര്‍ഥ്യവും പുതു തലമുറഉള്‍ക്കൊള്ളണം.