ഉണര്‍ന്നാല്‍ ആദ്യമൊരു ചായ എന്നതായിരുന്നു കുറച്ച് കാലം മുമ്പ് വരെ ട്രെന്‍ഡ്. എന്നാല്‍ ഇപ്പോള്‍ ഉണര്‍ന്നാല്‍ രണ്ട് റീല് എന്ന് അത് മാറി. അതായത് സോഷ്യല്‍ മീഡിയയുടെ ഉപയോഗമായി ദിനചര്യകളിലെ ആദ്യ പരിപാടി. ചായ ഉന്‍മേഷം പകരുന്ന പോലെ സോഷ്യല്‍ മീഡിയയില്‍ കാണുന്ന കാര്യങ്ങള്‍ നിത്യജീവിതത്തെ ബാധിക്കാറുണ്ട് എന്നതും സത്യം. സോഷ്യല്‍മീഡിയയിലെ പോസിറ്റീവ് കാര്യങ്ങള്‍ അത് കാണുന്ന ആളുകളുടെ പ്രവര്‍ത്തികളെ പോസിറ്റീവ് ആയി സ്വാധീനിക്കുമെന്നും നെഗറ്റീവ് ആയ കാര്യങ്ങള്‍ മോശമായി സ്വാധീനിക്കുമെന്നതും പഠനങ്ങളില്‍ കണ്ടെത്തിയതാണ്. ഇപ്പോഴിതാ നെഗറ്റീവ് കണ്ടന്‍റുകള്‍ക്കെതിരെയും അവ ഉണ്ടക്കുന്ന ഇന്‍ഫ്ലുവേഴ്സിനെതിരെയും ശക്തമായ നടപടിയെടുക്കാന്‍ ചൈന പദ്ധതിയിടുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ചൈനീസ് സൈബര്‍സ്പേസ് അഡ്മിനിസ്ട്രേഷനാണ് നെഗറ്റീവ് കണ്ടന്‍റുകള്‍ക്കെതിരെ രണ്ട് മാസം നീളുന്ന കാംപെയിന്‍ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ നിന്നും നെഗറ്റീവ് കണ്ടന്‍റുകള്‍ ഒഴിവാക്കുകയും കൂടുതല്‍ പോസിറ്റീവായ കണ്ടെന്‍റുകള്‍ എത്തിക്കുകയുമാണ് കാംപെയിന്‍റെ ലക്ഷ്യം. ഇത്തരം നെഗറ്റീവ് കണ്ടന്‍റുകളില്‍ നിന്ന് ജനങ്ങളെ അകറ്റുക വഴി ആളുകള്‍ക്ക് കൂടുതല്‍ പോസിറ്റീവായ ദിവസമുണ്ടാകുമെന്നാണ് നിരീക്ഷണം.
'പഠിച്ചിട്ടൊന്നും കാര്യമില്ല, കഷ്ടപ്പെട്ട് പണിയെടുക്കുന്നതെല്ലാം വേസ്റ്റാണ്' തുടങ്ങിയ അര്‍ഥം വരുന്ന കണ്ടെന്‍റുകളാണ് പ്രധാനമായും നീക്കുക. ചൈന ഈയടുത്ത് നേരിടുന്ന സാമ്പത്തിക ഇടിവിന് ഇത്തരം കണ്ടെന്‍റുകള്‍ കാരണമാകുന്നു എന്നും നിരീക്ഷണമുണ്ട്. ഇത് കൂടാതെ നെഗറ്റീവ് കണ്ടെന്‍റുകള്‍ പോസ്റ്റ് ചെയ്യുന്ന ഇന്‍ഫ്ലുവേഴ്സിനെ നിയന്ത്രിക്കാനും നടപടിയുണ്ട്.