TOPICS COVERED

ജെന്‍ സി വിപ്ളവ ശേഷം നേപ്പാള്‍ ശാന്തമായി. പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. സമൂഹ്യമാധ്യമവിലക്ക് മാത്രമാണോ ജെന്‍ സി എന്ന് വിളിക്കുന്ന പുതുതലമുറയെ തെരുവിലിറക്കിയത്? ഭരണകൂട അട്ടിമറിക്ക് കാരണങ്ങള്‍ പലതുണ്ടാവാം. പക്ഷേ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ സിസ്റ്റം ആണ് സാധാരണക്കാരായ ചെറുപ്പക്കാരെ തെരുവിലിറക്കിയത്. ട്രാന്‍സ്പെരന്‍സി ഇന്‍റര്‍നാഷണലിനെ റിപ്പോര്‍ട്ടനുസരിച്ച് ഏഷ്യയില്‍ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യമാണ് നേപ്പാള്‍.

പാവപ്പെട്ടവന്‍റെ പാര്‍ട്ടിയെന്നവകാശപ്പെടുന്ന കെ.പി ശര്‍മ ഒലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ പാര്‍ട്ടി ബൂര്‍ഷ്വാസികളുടെ ഏജന്‍റായി മാറിയത് ഏറെക്കാലമായി ആ രാജ്യം സഹിക്കുകയായിരുന്നു. കോടികള്‍ വിലയുള്ള കാറുകളും ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രങ്ങളും ബാഗുമെല്ലാം പ്രദര്‍ശിപ്പിച്ച് രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ സമൂഹമാധ്യമങ്ങളില്‍ പൊങ്ങച്ചവും അഹന്തയും കൊണ്ട് അഴിഞ്ഞാടി. 

നാട്ടില്‍ ജീവിക്കാന്‍ ഒരു ഗതിയുമില്ലാതെ പുതുതലമുറ വിദേശത്തേക്ക് കുടിയേറുമ്പോള്‍ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും മക്കള്‍ ആഡംബര ജീവിതം ആസ്വദിക്കുകയായിരുന്നു.സ്വന്തമായി വരുമാനമില്ലാത്ത ഇവര്‍ക്ക് ഈ പണം എവിടെ നിന്ന് എന്ന ചോദ്യമുയര്‍ന്നു. ഇതിനെതിരായ ചെറുപ്പക്കാരുടെ വികാരം പുറത്തുവരുന്നത് തടയാന്‍ സമൂഹമാധ്യമങ്ങള്‍ വിലക്കിയതോടെ ജന്‍ സീ നിരത്തിലിറങ്ങി. നെപോട്ടിസം അഥവാ സ്വജനപക്ഷപാതത്തിന്‍റെ ഗുണഭോക്താക്കളായ നെപോ കിഡ്സിനെതിരായിരുന്നു പ്രക്ഷോഭത്തിന്‍റെ തുടക്കം.

ആരെല്ലാമാണ് പ്രക്ഷോഭച്ചൂടറിഞ്ഞ പ്രമുഖ നെപോ കിഡ്സ് ?

1.ആരോഗ്യമന്ത്രിയായിരുന്ന ബിരോധ് കഠിവാഡയുടെ മകളും മിസ് നേപ്പളുമായിരുന്ന ശ്രിന്‍ഖല കതിവാഡയുടെ ആഡംബര ജീവിത ശൈലിയാണ് ജെന്‍ സിയെ പ്രകോപിപ്പിച്ചത്. ലണ്ടനിലും അമേരിക്കയിലുമെല്ലാം കറങ്ങി നടന്ന് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ശ്രിന്‍ഖല.

ശ്രിന്‍ഖല മാത്രമല്ല മുന്‍ പ്രധാനമന്ത്രിയും  കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്‍ പ്രചണ്ഡയുടെ കൊച്ചുമകളുമായ സ്മിതാ ദഹാല്‍ ലക്ഷങ്ങള്‍ വിലയുള്ള ഹാന്‍ഡ് ബാഗും പിടിച്ച് ഇട്ട ചിത്രങ്ങള്‍ക്കും പൊങ്കാലയായിരുന്നു

2.സൗഗത് ഥാപയാണ് മറ്റൊരു നെപ്പോ കിഡ്. ബന്ധുനിയമനമാണ് ഇവിടെ വിഷയമായത്. ഗന്ധഗി പ്രവിശ്യയില്‍ മന്ത്രി ബിന്ദു കുമാര്‍ ഥാപയുടെ മകന്‍ സൗഗത് ഥാപയെ പ്രവിശ്യസര്‍ക്കാരില്‍ ഉന്നതപദവിയില്‍ നിയമിച്ചു. ഥാപയ്ക്ക് യോഗ്യതയുണ്ടായിരുന്നില്ല. കൃത്യമായ സ്വജനപക്ഷപാതം.

3. ബാങ്കിങ് മേഖല ഭരണക്കാരുടെ കുത്തകയായി.. പ്രമുഖ ഉദ്യോഗസ്ഥന്‍റെ മകന് മാനദണ്ഡങ്ങള് പാലിക്കാതെ വായ്പ അനുവദിച്ചത് വന്‍ വിവാദമായി. അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞു. വലിയ പ്രതിഷേധം  ഉണ്ടായെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല.

4. സിനിമ ലോകവും പണക്കാര്‍ക്കും സ്വാധീനമുള്ളവര്‍ക്കും മാത്രമായി. സിനിമയില്‍ ഒരു പ്രമുഖ നേതാവിന്‍റെ മരുമകളെ ഒരു പ്രധാനസിനിമയില്‍ നായികയാക്കി. ഓഡിഷനില്‍, കഴിവല്ല രാഷ്ട്രീയ സ്വാധീനമാണ് മാനദണ്ഡമക്കിയത്.

ഇങ്ങനെ രാജ്യത്തെ സമസ്തമേഖലയും രാഷ്ട്രീയക്കാരുടെയും സമ്പന്നന്‍റെയും മക്കള്‍ കൈവശപ്പെടുത്തിയപ്പോള്‍ ഒരാഴ്ച കൊണ്ട് പ്രധാനമന്ത്രിയടക്കം മുഴുവന്‍ മന്ത്രിസഭയ്ക്കും പലായനം ചെയ്യേണ്ടി വന്നു. ജനങ്ങളെ മറക്കുന്ന അഴിമതിക്കാര്‍ക്കും സ്വജനപക്ഷപാതികള്‍ക്കും എക്കാലവുമുള്ള മുന്നറിയിപ്പാണ് നേപ്പാള്‍ കലാപം. 

ENGLISH SUMMARY:

Nepal Political Crisis: The Gen Z revolution in Nepal was triggered by widespread corruption and nepotism. This led to the collapse of the government and serves as a warning to corrupt and nepotistic leaders who ignore the people.