Image: x.com/RaghavanO7
നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. ബുദ്ധ എയറിന്‍റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻ അറിയിച്ചിട്ടുണ്ട്.
തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഭദ്രാപൂരില്‍ എത്തിയതായിരുന്നു വിമാനം. രാത്രി 9.08 ഓടെ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റൺവേയിൽ നിന്ന് തെന്നിമാറി ഏതാണ്ട് 200 മീറ്റർ വിമാനം നീങ്ങി എന്നാണ് റിപ്പോർട്ടുകൾ. തൊട്ടടുത്തുള്ള അരുവിക്ക് സമീപമുള്ള പുല്‍മേട്ടിലാണ് വിമാനം നിന്നത്.
സംഭവത്തിന് തൊട്ടുപിന്നാലെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആർക്കും പരിക്കില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ കാഠ്മണ്ഠുവില്‍ നിന്നും ഒരു സംഘം ഭദ്രാപൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വിമാനം ഇന്ന് രാവിലെ കാഠ്മണ്ഠുവിലേക്ക് മടങ്ങും.