72 മണിക്കൂറിനിടെ ഖത്തര്‍, യെമന്‍ ഉള്‍പ്പെടെ ആറു രാജ്യങ്ങളെ ആക്രമിച്ചതിനു പിന്നാലെ പലസ്തീന്‍ തീര്‍ക്കാനൊരുങ്ങുന്നെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. E1 എന്നറിയപ്പെടുന്ന 12 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ഇസ്രായേലിന് ഏറെക്കാലമായി ആഗ്രഹമുണ്ടായിരുന്നെന്നും അന്താരാഷ്ട്ര എതിർപ്പിനെത്തുടർന്ന് വർഷങ്ങളായി ഈ പദ്ധതി സ്തംഭിച്ചിരിക്കുകയാണെന്നും നെതന്യാഹു പറയുന്നു.
‘ഈ സ്ഥലം ഞങ്ങളുടേതാണ്, പലസ്തീൻ രാഷ്ട്രം ഇനി ഉണ്ടാകില്ല’ എന്നാണ് ജറുസലേമിന്റെ കിഴക്കുള്ള ഇസ്രായേൽ കുടിയേറ്റ കേന്ദ്രമായ മാലെ അദുമിമിൽ നടന്ന പരിപാടിയിൽ നെതന്യാഹു പ്രഖ്യാപിച്ചത്. വെസ്റ്റ് ബാങ്കിലെ ഒരു കുടിയേറ്റ പദ്ധതിയുടെ ഒപ്പുവക്കൽ ചടങ്ങിൽ സംസാരിക്കവേയാണ് നെതന്യാഹു പലസ്തീനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.
രാജ്യത്തിന്റെ പാരമ്പര്യവും, ഭൂമിയും, സുരക്ഷയും സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാ ബദ്ധരാണെന്നും നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാൻ പോകുന്നുവെന്നും നെതന്യാഹു പറയുന്നു. ഇസ്രയേലിനും മാലെ അദുമിമിനും ഇടയിലുള്ള പ്രദേശത്ത് 3400 വീടുകള്‍ പണിയാനുള്ള പദ്ധതിക്ക് കഴിഞ്ഞ മാസം ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പിന്തുണ നല്‍കിയത് വലിയ വിവാദമായിരുന്നു.
ഈ കുടിയേറ്റം വെസ്റ്റ് ബാങ്കിനെ രണ്ടായി വിഭജിക്കുമെന്നും പലസ്തീൻ രാഷ്ട്രത്തിന്റെ അസ്തിത്വത്തിനു ഭീഷണിയാകുമെന്നും യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഖത്തറിലെ ദോഹയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ട്രംപിന്‍റെ പുതിയ വെടിനിർത്തൽ നിർദ്ദേശം ചർച്ചചെയ്യാൻ ചേര്‍ന്ന ഹമാസ് യോഗത്തിനിടെയായിരുന്നു ആക്രമണം. ഹമാസ് നേതാവ് അല്‍ ഹയ്യയുടെ മകനുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും പ്രധാന നേതാക്കളൊന്നും മരിച്ചില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ദോഹയ്ക്കു പിന്നാലെ യെമനിലും ആക്രമണം നടത്തി. ഗാസയിലും ആക്രമണങ്ങള്‍ തുടരുകയാണ്. 72 മണിക്കൂറിനിടെ ആറ് രാജ്യങ്ങളെയാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.