ഭ്രൂണം സ്ക്രീന്‍ ചെയ്ത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഉയരവും ബുദ്ധിയും വ്യക്തമാക്കാമെന്ന അവകാശവാദവുമായെത്തിയ സ്റ്റാര്‍ട്ടപ് കമ്പനി വിവാദത്തില്‍. യുഎസ് ആസ്ഥാനമായുള്ള ഫെർട്ടിലിറ്റി സ്റ്റാർട്ടപ്പായ ന്യൂക്ലിയസ് ജീനോമിക്സ് ആണ് വിവാദത്തിന് തിരി കൊളുത്തിയത്.
‘നിങ്ങളുടെ ഏറ്റവും മികച്ച കുഞ്ഞിനെ സ്വന്തമാക്കൂ’ എന്ന രീതിയില്‍ ന്യൂയോര്‍ക്കിലെ സബ്‌വേകളില്‍ കമ്പനി പരസ്യം നല്‍കുകയും ചെയ്തു. അതേസമയം ഗര്‍ഭപാത്രത്തിലിരിക്കുന്ന കുഞ്ഞിന്റെ ജനിതകപരമായ വിവരങ്ങളൊന്നും പുറത്തുവിടുന്നത് പോലും നിയമവിരുദ്ധമായ സാഹചര്യത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും ധാര്‍മിക ആശങ്കകള്‍ക്കുമാണ് ഈ പരസ്യം വഴിവച്ചിരിക്കുന്നത്.
ഐവിഎഫ് ചികിത്സയ്ക്ക് വിധേയരാകുന്ന ദമ്പതികള്‍ ഈ സേവനം ലഭ്യമാകുന്നതിനായി 8 ലക്ഷം രൂപ നല്‍കണം. ഇതിലൂടെ 20ഓളം ഭ്രൂണങ്ങളുടെ ഡിഎന്‍എ സ്വീക്വന്‍സിങ് നടത്തും. കണ്ണുകളുടേയും മുടിയുടേയും നിറം മുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ വരെ ഇവിടെ പരിശോധനയ്ക്കു വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
രൂപം, സൗന്ദര്യം, മാനസികാരോഗ്യം, പാരമ്പര്യ രോഗം, കാന്‍സര്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം ജനിതക വിശകലനങ്ങള്‍ നടത്തും. കമ്പനിക്കും പരസ്യത്തിനുമെതിരെ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധമാണ് ഉയരുന്നതെങ്കിലും കുഞ്ഞുങ്ങളുണ്ടാവാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ സ്റ്റാര്‍ട്ടപ് കമ്പനിയുടെ നീക്കത്തില്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. നവംബർ 14-ന് പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിന് ശേഷം, കമ്പനിയുടെ വിൽപ്പനയിൽ 1,700 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.