manisha-on-genz-protest

ജെന്‍സി പ്രക്ഷോഭത്തിനെതിരായ സര്‍ക്കാര്‍ നടപടി നേപ്പാളിന്റെ ചരിത്രത്തിലെ കറുത്ത ദിനം കുറിച്ചുവെന്ന് നേപ്പാളില്‍ നിന്നുള്ള ബോളിവുഡ് താരം മനിഷ കൊയ്‍രാള. ജനങ്ങള്‍ അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ വെടിയുണ്ടകള്‍  കൊണ്ട് മറുപടി പറയുന്ന സര്‍ക്കാരിനെതിരെയാണ് നടി സമൂഹമാധ്യമത്തിലൂടെ ശക്തമായി പ്രതികരിച്ചിരിക്കുന്നത്. നേപ്പാളില്‍ ജെന്‍സി പ്രക്ഷോഭം ആളിക്കത്തി പ്രധാനമന്ത്രിയുടെ രാജിയില്‍ വരെ എത്തിനില്‍ക്കുമ്പോഴാണ് നേപ്പാളില്‍ നിന്നെത്തി ബോളിവുഡ‍ിന്റെ ഹൃദയം കീഴടക്കിയ മനീഷയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്. ഇന്നലെ ജെന്‍സി പ്രക്ഷോഭക്കാര്‍ക്കെതിരായ പൊലീസ് വെടിവയ്പില്‍ 19 യുവാക്കള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മനീഷ ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയത്.

നേപ്പാളിലെ ആദ്യത്തെ പ്രധാനമന്ത്രി ബി.പി.കൊയ്‍രാളയുടെ പേരക്കുട്ടിയാണ് മനിഷ കൊയ്‍രാള. 1970ല്‍  നേപ്പാളിലെ പ്രബലമായ രാഷ്ട്രീയകുടുംബത്തില്‍ കാഠ്മണ്ഡുവിലായിരുന്നു താരത്തിന്റെ ജനനം. പിതാവ് പ്രകാശ് കൊയ്‍രാളയും നേപ്പാളിലെ മുന്‍മന്ത്രിയായിരുന്നു. ബോളിവുഡിലെത്തും മുന്‍പ് അഭിനയജീവിതത്തിന് തുടക്കം കുറിച്ചതും നേപ്പാളി സിനിമയിലൂടെയാണ്. 2010ല്‍ നേപ്പാളി ബിസിനസുകാരനായ സമ്രാട്ട് ദഹലിനെയാണ് നടി വിവാഹം ചെയ്തത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞെങ്കിലും നേപ്പാളുമായുള്ള വൈകാരികബന്ധം എന്നും നിലനിര്‍ത്തിയിട്ടുണ്ട് മനീഷ. കുട്ടിക്കാലത്ത് മുത്തശിക്കൊപ്പം വാരാണസിയിലെ ജീവിതമാണ് പിന്നീട് ഹിന്ദി സിനിമാതാരമായുള്ള യാത്രയില്‍ നിര്‍ണായകമായത്. 1942 ല‍വ് സ്റ്റോറി, ബോംബേ, ഖാമോശി , ദില്‍സേ തുടങ്ങിയ വന്‍ ഹിറ്റുകളിലൂടെ ബോളിവുഡിലെ മുന്‍നിര താരമായി. കാന്‍സര്‍ അതിജീവിത എന്ന നിലയിലുള്ള തുറന്നു പറച്ചിലുകളും രാഷ്ട്രീയഅഭിപ്രായങ്ങളും എന്നും ശ്രദ്ധ നേടിയിരുന്നു.

ENGLISH SUMMARY:

Manisha Koirala criticizes the Nepal government's response to the Jency protests. The actress condemned the use of violence against protestors and highlighted the government's actions as a dark day in Nepali history.