ബേക്കൽ കോട്ട സന്ദർശിച്ച് 'ബോംബെ' സിനിമയുടെ സംവിധായകൻ മണിരത്നം, നടി മനീഷ കൊയ്‌രാള അടക്കമുള്ള അണിയറപ്രവർത്തകർ. 1995ൽ പുറത്തിറങ്ങിയ ബോംബെ സിനിമയിലെ 'ഉയിരേ' എന്ന ഗാനം ചിത്രീകരിച്ചത് ബേക്കൽ കോട്ടയിലായിരുന്നു. സിനിമയുടെ മുപ്പതാം വാർഷികത്തിന്റെയും ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെയും ഭാഗമായാണ് ഇവർ ബേക്കലിൽ എത്തിയത്.
ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് സിനിമയുടെ അണിയറപ്രവർത്തകർ ഇന്ന് രാവിലെ കോട്ട സന്ദർശിച്ചത്. മണിരത്നം, മനീഷ കൊയ്‌രാള എന്നിവർക്കൊപ്പം ഛായാഗ്രാഹകൻ രാജീവ് മേനോനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 'കേരളത്തിൽ ആയിരിക്കുന്നത് വളരെ ഇഷ്ടമാണ്' എന്ന കുറിപ്പോടെ മനീഷ കൊയ്‌രാള ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിരുന്നു.
30 വർഷം മുൻപാണ് ബേക്കൽ കോട്ട, തളങ്കര എന്നിവിടങ്ങളിൽ ബോംബെ സിനിമയുടെ ചിത്രീകരണം നടന്നത്. കോട്ടയുടെ മഴക്കാല പ്രൗഢി അതിമനോഹരമായി രാജീവ് മേനോൻ ചിത്രത്തിനായി പകർത്തിയിരിക്കുന്നു. മണിരത്നത്തിന്റെ ക്ലാസിക് സിനിമയായ ബോംബെയിൽ കഥാപാത്രങ്ങളായ ശേഖർ നാരായണൻ പിള്ളയായി അരവിന്ദ് സ്വാമിയും ഷൈല ബാനുവായി മനീഷ കൊയ്‌രാളയുമാണ് അഭിനയിച്ചത്.
വീണ്ടും സിനിമ പ്രേക്ഷകർക്ക് പ്രദേശത്തെ സിനി ടൂറിസം സാധ്യതകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബേക്കൽ റിസോർട്‌സ് ഡവലപ്മെന്റ് കോർപറേഷനും കേരള ടൂറിസം വകുപ്പും ചേർന്നു ബിആർഡിസി 30-ാം വാർഷികാഘോഷ ഭാഗമായാണ് ബീച്ച് ഫെസ്‌റ്റ് നടത്തുന്നത്.