ഇന്ത്യ – ചൈന ദീര്‍ഘകാല സഹകരണത്തിന് നിര്‍ണായക ധാരണയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങും. അതിര്‍ത്തിയില്‍ സമാധാനം കൈവന്നെന്നും പരസ്പര വിശ്വാസത്തോടെ മുന്നേറാമെന്നും മോദി ആഹ്വാനം ചെയ്തു. ഇരു രാജ്യങ്ങളും ഒരുമിച്ച് ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ടെന്ന് ഷി ചിന്‍പിങ്. യു.എസ് അധികതീരുവ പശ്ചാത്തലത്തിലാണ് എല്ലാ മേഖലകളിലും സഹകരിക്കാന്‍ ഇരു രാജ്യങ്ങളും കൈകോര്‍ത്തത്.
അമേരിക്കയുടെ തീരുവ ഭീഷണിയെ ഒരുമിച്ച് നേരിടുമെന്ന സന്ദേശം നല്‍കി ഇന്ത്യ – ചൈന ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദി ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചൈനയിലെത്തി പ്രസിഡന്‍റ് ഷി ചിന്‍ പിങുമായി നടത്തിയ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചു. 55 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ അതിര്‍ത്തിയിലെ ധാരണയും കൈലാസ മാനസരോവർ യാത്രയും നേരിട്ടുള്ള വിമാന സർവീസുകളും പുനരാരംഭിച്ചതും എടുത്തുപറഞ്ഞാണ് മോദി തുടങ്ങിയത്.
ഇന്ത്യ – ചൈന സഹകരണം മനുഷ്യരാശിയുടെതന്നെ ക്ഷേമത്തിന് വഴിയൊരുക്കുമെന്നും മോദി. നല്ല സുഹൃത്തുക്കളും നല്ല അയല്‍ക്കാരുമാകേണ്ടത് അനിവാര്യമെന്ന് ഷി ചിന്‍ പിങ്. ഡ്രാഗണും ആനയും ഒരുമിച്ചുനില്‍ക്കേണ്ടതുണ്ട്, ദീർഘകാല വീക്ഷണത്തില്‍ തന്ത്രപരമായ ബന്ധം മുന്നോട്ടുപോകണമെന്നും ഷി ചിന്‍ പിങ് പറഞ്ഞു.
ഏഷ്യയിലും ലോകമെമ്പാടും സമാധാനത്തിനും സമൃദ്ധിക്കും ഒരുമിച്ച് നില്‍ക്കണമെന്നും ചൈനീസ് പ്രസിഡന്‍റ് ഓര്‍മിപ്പിച്ചു. ധാരണയോടെ ഇന്ത്യ– ചൈന വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കെത്തിയ മോദി നാളെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായും ചര്‍ച്ച നടത്തും. ഇന്ത്യ, ചൈന, റഷ്യ, ജപ്പാന്‍ സഹകരണത്തിലൂടെ യു.എസ് തീരുവ ആഘാതം മറികടക്കുകയാണ് രാഷ്ട്രനേതാക്കളുടെ ലക്ഷ്യം.