Image: (Instagram/@cruisebare)
നഗ്നരായി യാത്ര ചെയ്യാം എന്നതാണ് ഈ കപ്പല്‍യാത്രയുടെ പ്രത്യേകത. 'ദി സീനിക് എക്ലിപ്സ്' എന്ന കപ്പലിന്റെ അടുത്ത വിനോദയാത്ര യുഎസ് കമ്പനിയായ ബെയര്‍ നെസസിറ്റീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. 2025 ഒക്ടോബർ 26 മുതൽ നവംബർ 9 വരെയാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. ബുക്കിംഗുകൾ ആരംഭിച്ചപ്പോള്‍ മുതല്‍ അതിവേഗം ടിക്കറ്റുകള്‍ വിറ്റഴിയുന്നതായാണ് റിപ്പോര്‍ട്ട്.
തുണിയില്ലാതെ യാത്ര ചെയ്യാമെങ്കിലും അങ്ങനെ ക്രൂയിസിലൂടെ ലാലലാ പാടി പറന്നുനടക്കാനൊന്നും സാധിക്കില്ല. വളരെ കരുതലോടെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. കപ്പലിൽ എല്ലായിടത്തും നഗ്നരായി പോകാൻ യാത്രക്കാർക്ക് അനുവാദമില്ല. ഭക്ഷണശാല, ക്യാപ്റ്റന്റെ വിരുന്ന് സൽക്കാരം, പ്രാദേശിക കലാകാരന്മാരുടെ പ്രകടനങ്ങൾ എന്നിവ നടക്കുന്ന സമയത്ത് വസ്ത്രധാരണ രീതി വളരെ കർശനമാണ്. കപ്പൽ ഏതെങ്കിലും തുറമുഖത്ത് അടുക്കുമ്പോഴും വസ്ത്രം നിർബന്ധമാണ്. ഭക്ഷണ സമയത്ത് ബാത്ത്റോബുകൾ, അടിവസ്ത്രങ്ങൾ, അല്ലെങ്കിൽ ഫെറ്റിഷ് വസ്ത്രങ്ങൾ എന്നിവ അനുവദനീയമല്ല, സെൽഫ്-സെർവ് ബഫേറ്റ് ഏരിയയിൽ മാത്രമേ വസ്ത്രധാരണ രീതിയിൽ ഇളവുവരുത്താന്‍ പാടുള്ളൂ.
ലൈംഗിക പ്രവർത്തനങ്ങൾക്കോ, മറ്റെന്തെങ്കിലും വ്യത്യസ്തമായ ജീവിതശൈലികൾക്കോ വേണ്ടിയല്ല തങ്ങളുടെ കപ്പൽ യാത്രകൾ എന്ന് കമ്പനി വ്യക്തമാക്കുന്നു. കുളങ്ങളും ഡാൻസ് ഹാളുകളും പോലുള്ള സെൻസിറ്റീവ് സ്ഥലങ്ങളിൽ ഫോട്ടോ എടുക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. അനുചിതമായ സ്പർശനമോ പെരുമാറ്റമോ ഉണ്ടായാൽ അടച്ച പണം പോലും തിരികെക്കിട്ടില്ലെന്ന് മാത്രമല്ല തൊട്ടടുത്ത തുറമുഖത്തില്‍ തന്നെ യാതൊരു അനുകമ്പയുമില്ലാതെ ഇറക്കിവിടുകയും ചെയ്തു.
2025 ഫെബ്രുവരിയിൽ സമാനമായ രീതിയില്‍ നടന്ന കപ്പൽ യാത്ര 11 ദിവസമാണ് നീണ്ടുനിന്നത്. 968 അടി നീളമുള്ള കപ്പലില്‍ അന്ന് ആയിരക്കണക്കിന് യാത്രക്കാർ പങ്കെടുക്കുകയും അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. ഏറ്റവും മികച്ച യാത്രയായിരുന്നെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. ‘മുമ്പ് ശരീരത്തെക്കുറിച്ച് എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല, എന്നാൽ ഈ യാത്രയ്ക്ക് ശേഷം എന്റെ മനോഭാവം മാറി. ഇപ്പോൾ എന്റെ ശരീരം എന്റെ കപ്പലാണ്, ഞാൻ അതിനെ അഭിമാനത്തോടെ സ്വീകരിക്കുന്നു’ എന്നായിരുന്നു ഒരു യാത്രക്കാരന്‍ നഗ്നയാത്രയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.