കാനഡയില്‍ 21വയസുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ വെടിവച്ചുകൊലപ്പെടുത്തിയ കാനഡ സ്വദേശി അറസ്റ്റില്‍. ചൊവ്വാഴ്ച ഒന്റാറിയോയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപത്തുനിന്നാണ് 32 വയസ്സുകാരനായ ജെർഡെയ്ൻ ഫോസ്റ്ററെ ഹാമിൽട്ടൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മൂന്ന് വധശ്രമക്കുറ്റങ്ങളും ചുമത്തിയതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മോഹോക്ക് കോളജിൽ ഫിസിയോതെറാപ്പി രണ്ടാം വർഷ വിദ്യാർത്ഥിനി ഹര്‍സിമ്രത് രൺധാവയാണ് ഏപ്രിൽ 17-ന് അബദ്ധത്തില്‍ വെടിയേറ്റുമരിച്ചത്. അപ്പർ ജെയിംസ് സ്ട്രീറ്റിന്റെയും സൗത്ത് ബെൻഡ് റോഡിന്റെയും സമീപത്തുള്ള ഒരു ബസ് സ്റ്റോപ്പിന് സമീപത്തുവച്ചാണ് വെടിയേറ്റത്. ഉടന്‍ തന്നെ രണ്‍ധാവയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
വിദ്യാര്‍ഥിനി ബസ്സിൽ നിന്നിറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കാനായി ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് കാത്തുനിൽക്കുകയായിരുന്നു, അപ്പോഴാണ് സമീപത്തു നിര്‍ത്തിയിട്ട കാറില്‍ നിന്നും വെടിയേറ്റത്. പെണ്‍കുട്ടി നിരപരാധിയായിരുന്നെന്നും കാറിനുള്ളിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് വെടിവപ്പുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വെടിവെപ്പിന് കാരണമായ തർക്കത്തിൽ നാല് കാറുകളിലായി കുറഞ്ഞത് ഏഴ് പേരെങ്കിലും ഉൾപ്പെട്ടിരുന്നു. കാറുകൾക്കിടയിൽ വെടിവെപ്പുണ്ടാവുകയും കുറഞ്ഞത് രണ്ട് തോക്കുകളെങ്കിലും ഉപയോഗിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. Also Read: ഒഡീഷയില്‍ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു...
ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ഹര്‍സിമ്രതിനു വെടിയേറ്റത്. അന്വേഷണം പുരോഗമിക്കുകയാണ്, ഈ മരണത്തിൽ ഉൾപ്പെട്ട എല്ലാവരെയും തിരിച്ചറിയാനും കണ്ടെത്താനും അറസ്റ്റ് ചെയ്യാനും കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് പൊലീസ് പറയുന്നു. ഹാമിൽട്ടൺ, ഹാൽട്ടൺ, നയാഗ്രാ പ്രദേശങ്ങളുമായി ബന്ധമുള്ള പ്രതി പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.