cult-child-marriage

മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോള്‍ 68കാരനെ വിവാഹം കഴിക്കേണ്ടി വന്നെന്ന് പെണ്‍കുട്ടിയുടെ അനുഭവക്കുറിപ്പ്.'ചിൽഡ്രൻ ഓഫ് ഗോഡ്' എന്ന  മതവിഭാഗത്തില്‍ ജനിച്ച സെറീന കെല്ലി എന്ന പെൺകുട്ടിയുടെ അനുഭവക്കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. 

'ചിൽഡ്രന്‍ ഓഫ് ഗോഡ്' എന്ന മതവിഭാഗത്തിന്‍റെ ആൾദൈവമായ ഡേവിഡ് ബെർഗിനെതിരെയാണ് സെറീന കെല്ലി എന്ന പെണ്‍കുട്ടിയുടെ ആരോപണം.  ഈ അതിക്രൂരമായ ബാലവിവാഹത്തിന് പിന്നിലെ കാരണം കുട്ടിയുടെ മാതാപിതാക്കളും മതനേതാവും തമ്മിലുണ്ടാക്കിയ 'ജനനപൂർവ്വ ഉടമ്പടി' ആണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടി ജനിക്കുന്നതിന് മുൻപ് തന്നെ, അതായത് ഭ്രൂണാവസ്ഥയിൽ വെച്ച് തന്നെ, ഈ പെൺകുട്ടിയെ മതനേതാവിന് ഭാര്യയായി നൽകാൻ മാതാപിതാക്കൾ സമ്മതിച്ചിരുന്നു.

തനിക്ക് മൂന്ന് വയസ് തികയും മുമ്പ് തന്നെ അദ്ദേഹവുമായുള്ള വിവാഹം കഴിഞ്ഞിരുന്നെന്ന് സെറീന പറഞ്ഞു. മൂന്നാം വയസില്‍ വിവാഹിതയാകുമ്പോൾ ഡേവിഡ് ബെർഗിന് തന്നെക്കാൾ 65 വയസ് കുടുതലുണ്ടായിരുന്നു. അന്ന് മുതല്‍ താന്‍ ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയാക്കപ്പെട്ടു. ഈ സമയത്ത് തന്‍റെ മൂത്ത സഹോദരിയും അദ്ദേഹത്തിന്‍റെ ഭാര്യയായിരുന്നുവെന്ന് സെറീനെ വെളിപ്പെടുത്തി.

കുട്ടിക്കാലത്തെ ക്രൂരമായ ഈ അനുഭവങ്ങൾക്ക് ശേഷം സെറീന ചില്‍ഡ്രന്‍ ഓഫ് ഗോഡിന്‍റെ  പ്രവർത്തനങ്ങൾക്കായി   ജപ്പാൻ, ബ്രസീൽ അടക്കം ഒട്ടേറെ  രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. 1989-ൽ, ആറാമത്തെ വയസ്സിൽ ബ്രസീലിലെത്തി. പിന്നീട് ഒരിക്കലും സെറീന ഡേവിഡിനെ കണ്ടിട്ടില്ല. 1994 -ല്‍ ഡേവിഡ് മരിച്ചു. 18-ാം വയസ്സിൽ, ബ്രസിലില്‍ നിന്നും അമ്മയോടൊപ്പം യുഎസിലേക്ക് താമസം മാറുന്നതിനിടെയും ഒട്ടേറെ സ്ഥലങ്ങളിലേക്ക്  യാത്ര  ചെയ്തു. ഒടുവില്‍ മതവിഭാഗത്തിലെ മുന്‍ അംഗങ്ങളുടെ പിന്തുണയോടെ അവൾ പുതിയൊരു ജീവിതത്തിന് ശ്രമം തുടങ്ങി. 2013 -ല്‍ ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിൽ ഒരു കോഴ്‌സ് പൂർത്തിയാക്കി, ജോലി നേടി. പിന്നീട് അമ്മയില്‍ നിന്നും വേർപിരിഞ്ഞു. ഇനി പഴയ കാലത്തെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്ന് സെറീന പറഞ്ഞു.

കുട്ടികള്‍ക്കെതിരായ  അങ്ങേയറ്റം നീചമായ ആചാരങ്ങൾക്ക് കുപ്രസിദ്ധമാണ് 'ചിൽഡ്രൻ ഓഫ് ഗോഡ്'.'ചിൽഡ്രന്‍ ഓഫ് ഗോഡ്' എന്ന മതവിഭാഗത്തിന്‍റെ കർശനമായ നിയമങ്ങൾക്കും നേതാവിനോടുള്ള അന്ധമായ വിധേയത്വത്തിനും ഒടുവിലാണ് ഈ ബാലവിവാഹം നടന്നതെന്നാണ് വിവരം. പ്രായപൂർത്തിയാകാത്ത കുട്ടികളെ മുതിർന്ന അനുയായികളുമായി വിവാഹം കഴിപ്പിക്കുക എന്നത് ഈ മത വിഭാഗത്തിന്‍റെ പതിവാണെന്നും, ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഈ ക്രൂരതയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധങ്ങൾ ഉയരുകയാണ്. നിലവിൽ ഈ സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Serena Kelly, a former member of the 'Children of God' cult, has shared her harrowing experience of being married to the cult leader, David Berg (68), at the age of three. The marriage was reportedly the result of a 'pre-birth covenant' made by her parents. Kelly revealed she was subjected to severe sexual abuse and has since escaped the cult to build a new life.