ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് യു.എസ് ഏര്‍പ്പെടുത്തിയ 25 ശതമാനം പകരം തീരുവ ഇന്ന് പ്രാബല്യത്തിലാകും. തിരിച്ചടി മുന്നിൽ കണ്ട് പല കമ്പനികളും കയറ്റുമതി നിർത്തിവച്ചു. 21 ദിവസത്തിനപ്പുറം 25 ശതമാനം അധികതീരുവ കൂടി പ്രാബല്യത്തില്‍ വരുമെന്നിരിക്കെ ആശങ്ക ഏറെയാണ്.
കോട്ടന്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഡയമണ്ട്, വ്യാവസായിക ആവശ്യത്തിനുള്ള മെഷീനുകള്‍, സ്മാര്‍ട്് ഫോണുകള്‍ തുടങ്ങിയവയുടെ കയറ്റുമതിയെയാണ് യു.എസ് പകരം തീരുവ കാര്യമായി ബാധിക്കുക. 25 ശതമാനം അധിക തീരുവ വരുമ്പോള്‍തന്നെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യു.എസ്. വിപണിയില്‍ 10 മുതല്‍ 20 ശതമാനം വരെ വിലക്കയറ്റമുണ്ടാകുകയും വില്‍പന കുറയുകയും ചെയ്യും.
ഇത് മുന്നില്‍ക്കണ്ട് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ് പല കമ്പനികളും. ഇത് കയറ്റുമതിയില്‍ സ്തംഭനാവസ്ഥ സൃഷ്ടിക്കാനിടയുണ്ട്. ഓഹരിവിപണിയില്‍ ഇതിനോടകം പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്തു. സാമ്പത്തിക വര്‍ഷം മുഴുവന്‍ ഉയര്‍ന്ന തീരുവ ഈടാക്കിയാല്‍ ജി.ഡി.പിയില്‍ 0.3 ശതമാനത്തിന്റെ വരെ കുറവുണ്ടാകും എന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ 18 ശതമാനവും യു.എസിലേക്കാണ് .
50 ശതമാനം തീരുവ വരുന്നതോടെ അത് പകുതിയില്‍ താഴെയാവും. അതേസമയം ഈ മാസം അവസാനം നടക്കുന്ന വ്യാപാര കരാര്‍ തുടര്‍ ചര്‍ച്ചകളില്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.