ജറുസലെമിനെക്കുറിച്ച് വിലാപങ്ങളുടെ പുസ്തകമെഴുതിയവനാണ് ജെറമിയാ പ്രവാചകന്‍.ജെറമിയായുടെ വചനങ്ങളിലെ ചില ഭാഗങ്ങള്‍ കേള്‍ക്കുക – വിലപിക്കുന്ന സ്ത്രീകളെ വിളിച്ചുവരുത്തുക, കണ്ണുകള്‍ നിറയും വരെ ഞങ്ങളെച്ചൊല്ലി വിലപിക്കുക എന്നു തുടങ്ങുന്ന ഭാഗം. നാം എത്ര നശിച്ചിരിക്കുന്നു, ഞങ്ങളുടെ വീടുകള്‍ തകര്‍ന്നു കിടക്കുന്നു, മരണം നമ്മുടെ കിളിവാതിലുകളിലൂടെ കയറി വന്നിരിക്കുന്നു, തെരുവുകളില്‍ കുട്ടികള്‍ മരിച്ചുവീഴുന്നു, മൃതദേഹങ്ങള്‍ മൈതാനത്ത് വീഴുന്ന ചാണകം പോലെയും കൊയ്യുമ്പോള്‍ വീഴുന്ന ധാന്യം പോലെയും കിടക്കുന്നു – എന്നിങ്ങനെ ബിസി 650 മുതല്‍ ബിസി 570 വരെ ജീവിച്ച ജെറമിയാ പ്രവചിച്ചിരിക്കുന്നു. ഇനി ഇന്നത്തെ ഇസ്രായേലിലെയും പലസ്തീനിലെയും വിലാപങ്ങള്‍ കേള്‍ക്കുക, കാഴ്ചകള്‍ കാണുക. അവിടെ ജനങ്ങള്‍, പ്രത്യേകിച്ചും കുഞ്ഞുങ്ങള്‍ പട്ടിണികിടന്ന് മരിക്കുകയാണ്.
ഹമാസ് 1,200 ഇസ്രയേലികളെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതിന് ശേഷം തുടങ്ങിയ യുദ്ധം രണ്ടു വർഷത്തോളമായി തുടരുകയാണ്. പ്രതികാരമായി ഇസ്രയേൽ ഗാസയില്‍ കൊന്നത് 60,000 പലസ്തീൻകാരെ. കൊലയും പോര്‍വിളിയും ഒരു വഴിക്ക് നടക്കുമ്പോള്‍ ഇതൊന്നും അറിയാതെ പിറന്നുവീണ കുഞ്ഞുങ്ങള്‍ എന്തു തെറ്റാണ് ചെയ്തത് . അവര്‍ ജനിക്കാതിരിക്കണമായിരുന്നോ. ജനിച്ച് മൂന്നുമാസം തികയും മുന്‍പ് മർവാഫ്ത് അൽ-നജ്ജാറിന്റെ മകന്‍ മരിച്ചത് ആവശ്യമായ പോഷകങ്ങള്‍ കിട്ടാതെ രോഗബാധിതനായി.
വിട്ടുമാറാത്ത വയറിളക്കവും പോഷകാഹാരക്കുറവും മൂലം രോഗബാധിതരായി ആശുപത്രികളിലെത്തുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പാല്‍പൊടി കിട്ടാനേയില്ല. യുദ്ധത്തിനു മുൻപ് പാൽ ലഭ്യമായിരുന്നു. എന്നാൽ യുദ്ധവും അതിർത്തികൾ അടച്ചതും കാരണം പാലും കിട്ടാതായി. ആശുപത്രിയിലെ കുഞ്ഞുരോഗികളിൽ പലരും മരുന്നും ഭക്ഷണവുമില്ലാതെ വലയുകയാണ്. വിശന്നു കരയുന്ന കുഞ്ഞുങ്ങൾക്ക് വെള്ളം നൽകി സമാധാനിപ്പിക്കാനേ അമ്മമാർക്ക് കഴിയുന്നുള്ളൂ.
ഗാസയെ പട്ടിണികിടത്തി ഞെരിച്ചു കൊല്ലരുതേ എന്ന് ഇസ്രയേലിനോട് മനുഷ്യാവകാശസംഘടനകള്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. പട്ടിണി മൂലം ആയിരക്കണക്കിനാളുകൾ മരിച്ചുവീഴുന്ന ഒരു മഹാദുരന്തമുണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഗാസയില്‍ പട്ടിണി കിടന്നു മരിച്ചവരുടെ എണ്ണം 111 ആയെന്ന് ഗാസ ആരോഗ്യമന്ത്രാലയം പറയുന്നു. ഈ വർഷം പോഷകാഹാരക്കുറവ് മൂലം മരിച്ചവരിൽ അഞ്ച് വയസ്സിൽ താഴെയുള്ള 21 കുട്ടികളുണ്ടെന്ന് ലോകാരോഗ്യ സംഘടനയും സാക്ഷ്യപ്പെടുത്തുന്നു.