ശക്തമായ മഴ, കുത്തിയൊഴുകുന്ന വെള്ളം, റിപ്പോര്‍ട്ടിങ്ങിന് എത്തിയ പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന് ആവേശം കൂടി. പിന്നെ ഒന്നും നോക്കിയില്ല നേരെ വെള്ളത്തിലേയ്ക്ക് ചാടി ലൈവ് റിപ്പോര്‍ട്ടിങ്. പക്ഷെ പണി പാളി, കഴുത്തോളം വെള്ളത്തില്‍, ശക്തമായ അടിയൊഴുക്ക്. ചുവടുറപ്പിക്കാനാകാതെ അടിതെറ്റിയ റിപ്പോര്‍ട്ടര്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപമാണ് ഈ അത്യാഹിതം. അലി മൂസ റാസ എന്ന മാധ്യമ പ്രവര്‍ത്തകനാണ് റിപ്പോര്‍ട്ടിങ്ങിനിടെ ഒലിച്ച് പോയത്.
ശക്തമായ വെള്ളപ്പൊക്കത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ നിന്ന് സാഹസികമായി റിപ്പോര്‍ട്ടിങ്ങിന് മുതിര്‍ന്നതാണ് അപകടകാരണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒലിച്ച് പോയതിന് തൊട്ട് മുമ്പ് അലി മൂസ റാസ നടത്തിയ ലൈവ് റിപ്പോര്‍ട്ടിങ്ങിന്‍റെ ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഒലിച്ച് പോകുന്നതിന് മുമ്പ് അദ്ദേഹം ഒരു സുരക്ഷയുമില്ലാതെ അതിശക്തമായി ഒഴുകുന്ന വെള്ളത്തില്‍ കഴുത്തറ്റം ഇറങ്ങി നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് വിഡിയോയില്‍ കാണാം. കൈയില്‍ പിടിച്ചിരിക്കുന്ന മൈക്കും അദ്ദേഹത്തിന്‍റെ തലയും മാത്രമാണ് പുറത്ത് ദൃശ്യമായിട്ടുള്ളത്.