ചൈനയില്‍ 10 കോടി (100 മില്യണ്‍) അംഗങ്ങളുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി). കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് 10 കോടി അംഗങ്ങള്‍ എന്ന കണക്കിലേക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉയര്‍ന്നതെന്നാണ് കണക്കുകള്‍. ഇതുപ്രകാരം ചൈനയിലെ 14ല്‍ ഒരാള്‍ വീതം പാര്‍ട്ടി അംഗമാണ്. ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് നയിക്കുന്ന പാർട്ടി ലോകത്ത് അധികാരത്തിലിരിക്കുന്ന ചുരുക്കം കമ്യൂണിസ്റ്റ് പാർട്ടികളിലൊന്നാണ്.
പാർട്ടിയിൽ അംഗത്വം നൽകണമെങ്കിൽ നടപടികൾ പക്ഷേ അത്ര ലളിതമല്ല. 2024 അവസാനിക്കുമ്പോൾ 2.1 കോടി പേരുടെ അപേക്ഷയാണ് വെയ്റ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നതെന്ന് പാർട്ടി തന്നെ പുറത്തുവിട്ട കണക്കിൽ പറയുന്നു. അംഗങ്ങൾ വരുമാനത്തിന്റെ 2% പാർട്ടിക്ക് നൽകണമെന്നാണ് വ്യവസ്ഥ. പത്ത് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 15 ശതമാനത്തിലധികം ഉയര്‍ന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ജോലിയുമായി ബന്ധപ്പെടുത്തി കൊണ്ടാണ് കൂടുതല്‍ പേരും പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ . പ്രധാനമായും സര്‍ക്കാര്‍ ജോലികള്‍ക്ക് പാര്‍ട്ടി ബന്ധം ആവശ്യമാണ്.