രാജ്നാഥ് സിങ്ങിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് ഷാങ്ഹായ് കോഓപറേഷന്‍ പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവന ഒഴിവാക്കി. പഹല്‍ഗാം ഭീകരാക്രമണം പരാമര്‍ശിക്കാത്ത പ്രസ്താവനയില്‍ ഒപ്പിടില്ലെന്ന് പ്രതിരോധ മന്ത്രി കര്‍ശന നിലപാടെടുത്തു. പാക് പ്രതിരോധമന്ത്രിയെ സാക്ഷിയാക്കി പഹല്‍ഗാമും ഓപ്പറേഷന്‍ സിന്ദൂരും രാജ്നാഥ് സിങ് ഉന്നയിച്ചു.
ചൈനയിലെ ക്വിങ്ദാവോയില്‍ നടക്കുന്ന എസ്.സി.ഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ ഭീകരവാദത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കൊടുവിലാണ് പഹല്‍ഗാം ആക്രമണം ഒഴിവാക്കി സംയുക്ത പ്രസ്താവന തയാറാക്കിയത്. ബലോചിസ്ഥാനിലെ ആക്രമണങ്ങള്‍ ഇടംപിടിക്കുകയും ചെയ്തു. ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രസ്താവനയില്‍ ഒപ്പിടില്ലെന്ന് കര്‍ശന നിലപാടെടുത്തു. ഇതോടെ സംയുക്ത പ്രസ്താവന വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ചര്‍ച്ചയില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്നാഥ് സിങ് നടത്തിയത്. ചില രാജ്യങ്ങള്‍ ഭീകരവാദം നയമായി എടുക്കുകയും ഭീകരരര്‍ക്ക് താവളമൊരുക്കുകയും ചെയ്യുന്നു. അത്തരം രാജ്യങ്ങളെ എതിര്‍ക്കാന്‍ എല്ലാവരും തയാറാവണം. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തെ പ്രതിരോധിക്കാനുള്ള അവകാശം ഉപയോഗിച്ചാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നടപ്പിലാക്കിയത് എന്നും പാക്, ചൈനീസ് വിദേശകാര്യ മന്ത്രിമാരെ സാക്ഷിനിര്‍ത്തി രാജ്നാഥ് സിങ് പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ എന്ന് യു.എന്‍. സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യൻ പ്രതിനിധി പി.ഹരീഷ് കുറ്റപ്പെടുത്തി. ഇന്ത്യ - പാക് വെടിനിർത്തൽ ധാരണയ്ക്ക് പിന്നിൽ താനെന്ന് നാറ്റോ ഉച്ചകോടിയിലും യു.എസ്. ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. സംഘർഷം തുടർന്നാൽ വ്യാപാര കരാർ ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും ട്രംപ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാക് സൈനിക മേധാവി അസിം മുനീറിനെയും ട്രംപ് വാനോളം പുകഴ്ത്തുകയും ചെയ്തു.