• സയണിസ്റ്റ് ശത്രു നടത്തിയത് വലിയ കുറ്റവും പിഴവും
  • ശിക്ഷ ലഭിച്ചുകൊണ്ടേയിരിക്കുമെന്ന് ഖമനയി

ഇസ്രയേലിനൊപ്പം ചേര്‍ന്ന് അമേരിക്കയും ഇറാനില്‍ ആക്രമണം തുടങ്ങിയതോടെ രാജ്യത്തെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി ആദ്യപ്രതികരണവുമായി രംഗത്ത്. സയണിസ്റ്റ് ശത്രുവിനുള്ള ശിക്ഷ തുടരുമെന്നാണ് ഖമനയി പ്രതികരിച്ചത്. ഇറാനില്‍ സ്ഫോടനം നടത്തിയതിനു പ്രതികാരം നടത്തിയാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കാനാവില്ലെന്ന് യുഎസ് ഭീഷണി വന്നതിനു പിന്നാലെയാണ് ബങ്കറിലിരുന്ന് ഖമനയി പ്രതികരിച്ചത്. ടെഹ്റാനിലെ സുപ്രധാനമായ മൂന്ന് പ്രധാന ആണവകേന്ദ്രങ്ങള്‍ യുഎസ് ബോംബാക്രമണത്തില്‍ നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരമോന്നത നേതാവിന്റെ പ്രതികരണം.

Also Read: ഇറാനൊപ്പം ആരിറങ്ങും? ലോകം ഉറ്റുനോക്കുന്ന ചോദ്യത്തിനുള്ള ഉത്തരം...


‘സയണിസ്റ്റ് ശത്രു നടത്തിയത് വലിയ കുറ്റവും പിഴവുമാണ്. അതിനു ശിക്ഷ ലഭിക്കണം, ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുന്നു, ശിക്ഷ ലഭിച്ചുകൊണ്ടേയിരിക്കും’എന്നാണ് ഖമനയി യുഎസിനെ ലക്ഷ്യമിട്ട് പറഞ്ഞത്. അതേസമയം അമേരിക്കന്‍ ആക്രമണത്തിനെതിരെ യുഎന്നില്‍ ഇറാന് പിന്തുണയുമായി റഷ്യയും ചൈനയും പാക്കിസ്ഥാനും രംഗത്തെത്തി. നിരുത്തരവാദപരവും അപകടകരവുമായ യുഎസ് നടപടിയെ അപലപിക്കുന്നുവെന്ന് റഷ്യയും യുഎസ് രാജ്യാന്തരനിയമങ്ങള്‍ ലംഘിച്ചെന്ന് ചൈനയും ആരോപിച്ചു. മേഖലയില്‍ അടിയന്തരവെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് മൂന്ന് രാജ്യങ്ങളും രംഗത്തെത്തി.

Also Read: ഇറാന്റെ തലച്ചോര്‍: ‘പ്രോജക്റ്റ് അമദ്’ സൂത്രധാരന്‍; ഫക്രിസാദെയെ വേട്ടയാടിയ ട്രക്കും തെരുവുനായയും...


ഇറാന്റെ ഭീഷണി തടയാനായിരുന്നു ആക്രമണമെന്നായിരുന്നു രക്ഷാസമിതിയില്‍ യുഎസ് പ്രതികരണം. അതിനിടെ, രാത്രിയില്‍ ടെഹ്റാനിലും തെക്കന്‍ ഇറാനിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ വ്യോമസേന വ്യക്തമാക്കി. ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം കടുത്തതായിരുന്നുവെന്നും ആണവപദ്ധതികള്‍ക്ക് നാശം വിതച്ചെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനെ നന്നാക്കാന്‍ നിലവിലെ ഭരണകൂടത്തിന് കഴിയുന്നില്ലെങ്കില്‍ ഭരണമാറ്റം വരേണ്ടതല്ലേയെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ ചോദിച്ചു.

ENGLISH SUMMARY:

Following the joint attack by the US and Israel on Iran, the country’s Supreme Leader, Ayatollah Ali Khamenei, issued his first response. Khamenei stated that the punishment for the Zionist enemy will continue. His remarks came from a bunker shortly after the US issued a warning that retaliation for the blasts in Iran could lead to uncontrollable consequences.