പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ, അമേരിക്കയുമായി നിർണ്ണായകമായ ആണവ ചർച്ചകൾക്ക് തുടക്കമിടാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഉന്നതതല ചർച്ചകൾക്ക് തയ്യാറാകാൻ ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന് അദ്ദേഹം നിർദ്ദേശം നൽകി.

ഇറാനുമായി ഒരു പുതിയ ആണവ കരാർ വേണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചർച്ചകൾക്ക് ഇറാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമുള്ള ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാന്റെ ഈ പുതിയ നീക്കം. കഴിഞ്ഞയാഴ്ചകളിൽ ഗൾഫ് മേഖലയിൽ അമേരിക്ക വൻതോതിൽ സൈനിക വിന്യാസം നടത്തിയതും ഇറാനെ ചർച്ചയുടെ പാതയിലേക്ക് എത്തിക്കാൻ കാരണമായിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നേരിട്ടാണ് അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾക്ക് പച്ചക്കൊടി കാട്ടിയത്. തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചകൾക്കുള്ള പ്രാഥമിക ധാരണകൾ ഒരുങ്ങിക്കഴിഞ്ഞു. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും വരുംദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയേക്കും. ഉപരോധങ്ങൾ നീക്കി ഇറാനിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനൊപ്പം മേഖലയിൽ ഒരു വൻ യുദ്ധം ഒഴിവാക്കുക എന്നതാണ് ഇറാന്റെ ലക്ഷ്യം.

ആണവ പരീക്ഷണങ്ങൾ നിർത്തിവെക്കുക, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ കർശന നിബന്ധനകൾ ട്രംപ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് ഇറാൻ എത്രത്തോളം അംഗീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ചർച്ചകളുടെ ഭാവി.

ENGLISH SUMMARY:

Iran's President Masoud Pezeshkian is initiating crucial nuclear talks with the United States amid rising West Asian war fears. This move aims to resolve disputes concerning Iran's nuclear program and prevent a regional conflict.