ഇസ്രയേല്‍–ഇറാന്‍ യുദ്ധമുഖത്തേക്ക് അമേരിക്ക എത്തിയതോടെ ചിത്രം മാറുകയാണ്. ലോക രാജ്യങ്ങള്‍ ചേരിതിരിച്ച് ഇസ്രയേലിനെയും ഇറാനെയും പിന്തുണച്ചു തുടങ്ങിയതോടെ മറ്റൊരു ലോകമഹായുദ്ധത്തിന്‍റെ ആശങ്കയും ഉയരുന്നു. പശ്ചിമേഷ്യയില്‍ മറ്റൊരു യുദ്ധത്തിനാണ് ഡോണല്‍ഡ് ട്രംപ് തുടക്കമിട്ടതെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്റും റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാനുമായ ദിമിത്രി മെദ്‌വദേവ് പറഞ്ഞു. ഇറാന് പിന്തുണ നല്‍കാനും അണ്വായുധം കൈമാറാനും തയ്യാറായി ഒട്ടേറെ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ടെന്നും രാജ്യങ്ങളുടെ പേരുപറയാതെ മെദ്‌വദേവ് പറഞ്ഞു.
Also Read: ‘സയണിസ്റ്റ് ശത്രുവിനുള്ള ശിക്ഷ തുടരും’; ബങ്കറിലിരുന്ന് ഖമനയിയുടെ ആദ്യ പ്രതികരണം...
ഇസ്രയേലിലെ ജനസംഖ്യ പോലും ഇപ്പോള്‍ വലിയ ഭീഷണിയിലാണെന്നും നാശം മാത്രം വിതയ്ക്കുന്ന പ്രവൃത്തിയാണ് യുഎസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി ചര്‍ച്ചകള്‍ക്കായി റഷ്യയിലേക്ക് പോയി. പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായുള്ള തന്ത്രപ്രധാന ചര്‍ച്ചകള്‍ക്കായാണ് താന്‍ പോകുന്നതെന്ന് അബ്ബാസി പറഞ്ഞു. ഇസ്താംബുളില്‍ നടന്ന ഐഒസി ഉച്ചകോടിയുടെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്‍റെ തന്ത്രപ്രധാനമായ മൂന്ന് ആണവകേന്ദ്രങ്ങളാണ് യുഎസ് ആക്രമിച്ചത്. ഇതോടെ പശ്ചിമേഷ്യയിലാകെ തീകോരിയിട്ട സ്ഥിതിയാണ്. ‘റഷ്യ ഞങ്ങളുടെ സുഹൃത്താണ്, കാര്യങ്ങള്‍ പരസ്പരം സംസാരിക്കുന്നവരാണ്, ഈ വിഷയത്തില്‍ പുടിനുമായി ഗൗരവമായ ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം, ഞങ്ങളുടെ ആണവമേഖലകള്‍ ആക്രമിച്ചതിലൂടെ യുഎസ് നടത്തിയത് അതിഗൗരവമായ രാജ്യാന്തര നിയമലംഘനമാണ്. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു, ’, അരാഗ്ച്ചി പറഞ്ഞു.