Vehicles drive past a billboard depicting a damaged U.S. aircraft carrier with disabled fighter jets on its deck and a sign reading in Farsi and English, "If you sow the wind, you'll reap the whirlwind," at Enqelab-e-Eslami (Islamic Revolution) Square in Tehran, Iran, Sunday, Jan. 25, 2026. (AP Photo/Vahid Salemi)
ടെഹ്റാന്‍ ലക്ഷ്യമാക്കി നീങ്ങുന്ന അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് മുന്നറിയിപ്പും ഭീഷണി സന്ദേശവുമായി ഇറാന്‍. മധ്യ ടെഹ്റാനിലെ ഇങ്കലാബ് ചത്വരത്തില്‍ ഉയര്‍ത്തിയ കൂറ്റന്‍ മ്യൂറല്‍ ബോര്‍ഡിലാണ് അമേരിക്കയ്ക്കുള്ള ഇറാന്‍റെ സന്ദേശം. അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന്‍റെ മേല്‍ തകര്‍ന്ന് കിടക്കുന്ന യുദ്ധവിമാനങ്ങളും ചോരപ്പാടുകളുമാണ് ചിത്രത്തില്‍. സമുദ്രത്തിലാകെ രക്തം ചാലുകളായി ഒഴുകുന്നതും കാണാം. അമേരിക്കന്‍ പതാകയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മ്യൂറല്‍ തയാറാക്കിയിരിക്കുന്നത്. അതിനൊപ്പം 'നിങ്ങള്‍ കാറ്റു വിതച്ചാല്‍ കൊടുങ്കാറ്റ് കൊയ്യു'മെന്ന മുന്നറിയിപ്പും എഴുതിച്ചേര്‍ത്തിട്ടുണ്ട്.
FILE - The USS Abraham Lincoln carrier and a U.S. Air Force B-52H Stratofortress, conduct joint exercises in the U.S. Central Command area of responsibility in Arabian Sea June 1, 2019. (Mass Communication Specialist 1st Class Brian M. Wilbur/U.S. Navy via AP, File)
ഇറാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന പരിപാടികള്‍ നടത്തുന്ന സ്ഥലമാണ് ഇങ്കലാബ് ചത്വരം. ദേശീയപ്രാധാന്യമുള്ള സംഭവങ്ങളിലാണ് ഇവിടെ ഇത്തരം മ്യൂറലുകള്‍ പ്രത്യക്ഷപ്പെടുന്നതും. മുന്‍പെന്നത്തേക്കാളും ഇറാന്‍ സൈന്യം സജ്ജരാണെന്നും കാഞ്ചിവലിക്കേണ്ട താമസം മാത്രമേയുള്ളൂവെന്നും ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് തലവന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്നലെയാണ് യുഎസ്എസ് എബ്രഹാം ലിങ്കണും മറ്റ് യുദ്ധക്കപ്പലുകളും മധ്യപൂര്‍വദേശത്ത് എത്തിയത്. ഇവ ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുകയാമെന്ന് ഇസ്രയേല്‍ മാധ്യമമായ ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുള്ള കപ്പല്‍ ഇസ്രയേല്‍ തീരത്തേക്കും നീങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെഹ്റാന്‍ ലക്ഷ്യമാക്കി ധാരാളം കപ്പലുകള്‍ നീങ്ങുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് കടുത്തഭാഷയിലാണ് ഇറാന്‍ മറുപടി നല്‍കിയത്.
എന്നാല്‍ ഇറാന്‍റെ പ്രതികരണം തങ്ങള്‍ ഉറ്റുനോക്കുകയാണെന്നും അതനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ് പിന്നീടും പ്രതികരിച്ചു. ഇറാന്‍ ബുദ്ധമോശം കാണിച്ചാല്‍ രാജ്യം മുഴുവന്‍ ചാമ്പലാകുമെന്നും ട്രംപ് ഭീഷണി മുഴക്കി. ട്രംപിന്‍റേത് അധികപ്രസംഗമാണെന്നും സാഹസത്തിന് മുതിര്‍ന്നാല്‍ യുഎസില്‍ തന്നെ ഫലം അനുഭവിക്കേണ്ടി വരുമെന്നും ഇറാനും തിരിച്ചടിച്ചു. ഇറാനില്‍ നടന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെയാണ് യുഎസ് ഇറാനെതിരെ നടപടികള്‍ കടുപ്പിച്ചത്.