ഇറാന്‍റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ IRIB-യുടെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം. തത്സമയ സംപ്രേക്ഷണം നടന്നുകൊണ്ടിരിക്കെയാണ് മിസൈൽ പതിച്ചതെന്ന് IRIB അറിയിച്ചു. ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ച സംപ്രേക്ഷണം പിന്നീട് പുനരാരംഭിച്ചു.
ഇസ്രയേൽ പ്രതിരോധമന്ത്രി ആക്രമണം സ്ഥിരീകരിച്ചു. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇറാൻ ടി.വി ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മിസൈൽ ആക്രമണത്തിന് മറുപടിയായി തിരിച്ചടിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
അതേസമയം, മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനോട് യുദ്ധം ജയിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. വൈകുംമുൻപ് ചർച്ചകൾക്ക് ഇറാൻ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അതിനിടെ ഇറാന്റെ കരയില്‍ നിന്ന് തൊടുക്കാവുന്ന മിസൈലുകളുടെ മൂന്നിലൊന്നും നശിപ്പിച്ചെന്നും ഇറാനുമേല്‍ വ്യക്തമായ ആധിപത്യം നേടാനായെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേലിന്റെ കുറ്റകരമായ കടന്നാക്രമണത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ഇറാന്‍ ജനതയോട് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ ആഹ്വാനം ചെയ്തു.
നാലുദിവസത്തെ ആക്രമണത്തില്‍ ഇറാന് കനത്ത പ്രഹരമേല്‍പ്പിച്ചെന്ന് ഇസ്രയേല്‍ സേന. ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായി നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവി, ഉപമേധാവി എന്നിവര്‍ കൊല്ലപ്പെട്ടു. ഇറാനിലെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളും റഡാര്‍ കേന്ദ്രങ്ങളുമായിരുന്നു ലക്ഷ്യം. 120 മിസൈല്‍ ലോഞ്ചിങ് കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും ഇസ്രയേല്‍ സേന വ്യക്തമാക്കി. ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടതായും 1277 പരുക്കേറ്റതായും ഇറാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ 24 കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു.
ശത്രുവിന്റെ ഭീഷണിക്കും കൊലപാതകത്തിനും മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണങ്ങളെ അമേരിക്ക തള്ളിപ്പറഞ്ഞാലേ ആണവചര്‍ച്ചയ്ക്കുള്ളുവെന്നും പെസഷ്കിയാന്‍ വ്യക്തമാക്കി. ആണവായുധം ലക്ഷ്യമല്ലെന്നും ആണവപരീക്ഷണങ്ങള്‍ക്ക് ഇറാനുള്ള അവകാശം അടിയറവയ്ക്കില്ലെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
അതിനിടെ മൊസാദിനായി ചാരപ്പണിചെയ്തതിന് 2022ല്‍ പിടികൂടിയ ആളെ ഇറാന്‍ തൂക്കിലേറ്റി. മൊസാദിന് സഹായം ചെയ്ത ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അടിയന്തരമായി വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും തയാറാകണമെന്ന് ചൈന ആവശ്യപ്പെട്ടു. മധ്യസ്ഥതയ്ക്ക് തയാറായി റഷ്യ രംഗത്തെത്തി. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം റഷ്യയില്‍ സൂക്ഷിക്കാന്‍ സന്നദ്ധമാണെന്നും വിദേശകാര്യവക്താവ് അറിയിച്ചു.