ജെൻ സി (Gen Z) എന്ന് വിളിക്കപ്പെടുന്ന യുവതലമുറയെക്കുറിച്ച് പലപ്പോഴും പറയാറുള്ളത് അവർക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നാണ്. ജോലിസ്ഥലത്തെ അനാരോഗ്യകരമായ ചുറ്റുപാടുകൾക്കെതിരെ പ്രതികരിക്കാനും, ആവശ്യമെങ്കിൽ ജോലി ഉപേക്ഷിക്കാനും മടിക്കാത്ത ജെൻ സി യുവതി-യുവാക്കളുടെ കഥകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ, ജെൻ സിയുടെ തൊഴിൽപരമായ താൽപ്പര്യങ്ങളെക്കുറിച്ച് ഒരു പുതിയ പഠനം പുറത്തുവന്നിരിക്കുന്നു. ഓഫീസ് പ്രണയങ്ങൾ തൊഴിൽ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് ഈ പഠനം ചൂണ്ടിക്കാണിക്കുന്നത്. എജ്യുബേർഡ് (Edubirdie) നടത്തിയ ഒരു സർവേയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. 2,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ ഈ പഠനത്തിൽ, 47% ആളുകളും വർക്ക് ഫ്രം ഹോം അവരുടെ ലൈംഗിക ജീവിതത്തെ മെച്ചപ്പെടുത്തിയെന്ന് അഭിപ്രായപ്പെട്ടു. ഓഫീസിലേക്ക് തിരികെ പോകുന്നത് ലൈംഗിക ജീവിതത്തിന്റെ താളം തെറ്റിക്കുമെന്നും, ഓഫീസിൽ വ്യക്തിപരമായ സമയം ലഭിക്കുന്നില്ലെന്നും മൂന്നിലൊന്ന് പേർ പറഞ്ഞു.
ഈ പഠനത്തിലെ ശ്രദ്ധേയമായ ഒരു കണ്ടെത്തൽ, 29% ആളുകൾ ഓഫീസിൽ പോകുന്നത് തങ്ങളുടെ ലൈംഗിക ജീവിതത്തെ മെച്ചപ്പെടുത്തുന്നുവെന്ന് പറഞ്ഞതാണ്. ഓഫീസിലുള്ളവരുമായി കൂടുതൽ അടുത്തിടപഴകാനും, ചിലപ്പോൾ ഓഫീസ് പ്രണയങ്ങൾക്ക് അവസരം ലഭിക്കാനുമുള്ള സാധ്യതകൾ ഇവർ എടുത്തുപറഞ്ഞു.
ഓഫീസ് പ്രണയങ്ങളെ തെറ്റായി കാണുന്നത് അവസാനിപ്പിക്കണമെന്നും, അതിനെ സാധാരണമാക്കേണ്ട സമയം അതിക്രമിച്ചുവെന്നും ജെൻ സി ആവശ്യപ്പെടുന്നു. കൂടാതെ, സ്വകാര്യ നിമിഷങ്ങൾക്കും, ആവശ്യമെങ്കിൽ ഹുക്ക്-അപ്പുകൾക്കുമായി (hook-ups) ഓഫീസുകളിൽ ഒരു പ്രത്യേക സ്വകാര്യ മുറി വേണമെന്ന് സർവേയിൽ പങ്കെടുത്ത 38% പേർ ആവശ്യപ്പെട്ടു. സിഗരറ്റ് വലിക്കാനും നടക്കാനും ചായ കുടിക്കാനുമെല്ലാം ബ്രേക്കുകളുണ്ടെങ്കിൽ ലൈംഗികതയ്ക്ക് മാത്രം എന്തിന് അത് ഒഴിവാക്കണമെന്നും ഒരു വിഭാഗം ചോദിക്കുന്നു.
എന്നാൽ, ഇത്തരം പ്രവണതകൾ ഉണ്ടാക്കാവുന്ന ദോഷഫലങ്ങളെക്കുറിച്ചും ചിലർ ആശങ്ക പ്രകടിപ്പിച്ചു. ഓഫീസിലെ പ്രണയങ്ങളും ഹുക്ക്-അപ്പുകളും ജോലിയിൽ നിന്ന് ശ്രദ്ധ തെറ്റിച്ചേക്കാം. ചിലർ സഹപ്രവർത്തകർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ അതിർവരമ്പുകൾ ലംഘിക്കാനും സാധ്യതയുണ്ട്. മീ ടൂ (MeToo) പ്രസ്ഥാനത്തിന് ശേഷവും നിരവധി സ്ത്രീകൾ ഓഫീസുകളിൽ ലൈംഗികാതിക്രമങ്ങൾ നേരിടുന്നുണ്ട്. അതിനാൽ, ജീവനക്കാർക്ക് ഓഫീസുകൾ സുരക്ഷിതമല്ലാതാകാനുള്ള സാധ്യതകളും നിലനിൽക്കുന്നു.