യൂറോപ്പിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നാണ് ബാഴ്‌സലോണ. ലോകമെങ്ങും നിന്ന് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളുടെ പ്രിയ ഇടം. ഇവിടത്തെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് തന്നെ ടൂറിസമാണ്. ആ ബാഴ്‌സലോണ നഗരത്തില്‍ ഇന്നലെ വെള്ളം ചീറ്റുന്ന കളിത്തോക്കുകളും കൈയില്‍പിടിച്ച് ആയിരക്കണക്കിനാളുകളുടെ പ്രതിഷേധ പ്രകടനം നടന്നു. 'ടൂറിസം വേണ്ട, ടൂറിസ്റ്റുകള്‍ തിരിച്ചുപോവണം' എന്നെഴുതിയ ബാനറുകളേന്തി നടന്ന പ്രകടനം ബാഴ്‌സലോണയെ സംബന്ധിച്ച് അസാധാരണമായ അനുഭവമായിരുന്നു. വിനോദ സഞ്ചാരം ഈ നിലയ്ക്ക് അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്ത് നടന്ന പ്രകടനം ഇക്കാര്യത്തില്‍ പുതിയ ഒരു കാഴ്ചപ്പാട് വേണമെന്നാണ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.
ബാഴ്‌സലോണയില്‍ മാത്രമല്ല, തെക്കന്‍ യൂറോപ്പില്‍ വിനോദ സഞ്ചാരത്തിന് പേരു കേട്ട മറ്റനേകം നഗരങ്ങളിലും സമാനമായ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ നഗരത്തിന്‍റെ കാവല്‍മാലാഖയുടെ കോലം ഉയര്‍ത്തിപ്പിടിച്ച പ്രതിഷേധക്കാര്‍ പുതുതായി ഉയര്‍ന്നുവരുന്ന ഒരു വമ്പന്‍ ഹോട്ടലിലേക്കാണ് പ്രകടനം നയിച്ചത്. ഇറ്റലിയിലെ മനോഹര നഗരമായ ജെനോവയില്‍ പ്രശസ്തമായ ഒരു ഇടുങ്ങിയ പാതയില്‍ പ്രതിഷേധക്കാര്‍ സ്യൂട്ട്‌കേസുകള്‍ ഉരുട്ടിനടന്നു. സ്പാനിഷ് ദ്വീപായ മജോര്‍കയില്‍ പ്രതിഷേധക്കാര്‍ വിനോദ സഞ്ചാരികളുമായി പോകുന്ന ബസ് തടഞ്ഞിട്ടു. എല്ലായിടങ്ങളിലും പ്രതിഷേധത്തിന്‍റെ ഉന്നം ടൂറിസമായിരുന്നു. അനിയന്ത്രിത ടൂറിസം നാട്ടുകാരെ മോശമായി ബാധിക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാര്‍ വിളിച്ചു പറഞ്ഞത്. ടൂറിസ്റ്റുകള്‍ക്ക് എതിരെയല്ല തങ്ങളുടെ പ്രതിഷേധമെന്നും തദ്ദേശ ജനവിഭാഗങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുന്ന ടൂറിസത്തോടാണ് എതിര്‍പ്പെന്നും അവര്‍ വിളിച്ചു പറഞ്ഞു.
യൂറോപ്പിലൈ തെക്കന്‍ ഭാഗങ്ങളെല്ലാം ജൂണ്‍ മുതലുള്ള വേനല്‍ കാലത്ത് സഞ്ചാരികളാല്‍ നിറയും. വൃത്തിയും ഭംഗിയുമുള്ള പ്രദേശങ്ങള്‍. കാണാനേറെ, നല്ലഭക്ഷണം, വീഞ്ഞ്. പിന്നെ കടലും മലകളും സൂര്യവെളിച്ചവും എല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങളിലാണ് സഞ്ചാരികളുടെ ഭൂരിഭാഗവും എത്തിച്ചേരുക. നഗരങ്ങളും ചെറുപട്ടണങ്ങളും അതിനു മുന്‍പുതന്നെ ഇവരെ വരവേല്‍ക്കാനായി ഒരുക്കങ്ങളാരംഭിക്കും. വീടുകളും കടകളുമൊക്കെ പുത്തന്‍ നിറക്കൂട്ടുകളിലൊരുങ്ങും. ഭക്ഷണ ശാലകള്‍ മോടി പിടിപ്പിക്കും. കടകളില്‍ പുത്തന്‍ സ്റ്റോക്കുകളെത്തും. ആകെ ഉത്സാഹഭരിതമായ ദിനങ്ങള്‍.
പക്ഷെ ഇതിനൊരു മറുപുറവുമുണ്ട്. പല യൂറോപ്യന്‍ നഗരങ്ങളിലും വിദ്യാര്‍ഥികള്‍, ചെറിയ ജോലിചെയ്യുന്നവര്‍ തുടങ്ങി ഇടത്തരം വരുമാനക്കാര്‍ക്ക് സ്വന്തമായി വീടുണ്ടാവില്ല, വാടക വീടും അപ്രാപ്യം. മിക്കവരുടെയും ആശ്രയം പേയിങ് ഗസ്റ്റ് അഥവാ പി.ജി. അക്കോമഡേഷന്‍ തന്നെ. ടൂറിസം സീസണ്‍ വരവാകുന്നതോടെ ഇവരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കും. പിജി മുറികള്‍ ഒന്നു മോടി പിടിപ്പിച്ചാല്‍ സഞ്ചാരികളില്‍ നിന്ന് അഞ്ചോ പത്തോ ഇരട്ടി വാടക വാങ്ങാം. നൂറുകണക്കിനുപേര്‍ ടൂറിസ്റ്റുകളുടെ വരവിന് മുന്‍പായി താമസസ്ഥലം നഷ്ടപ്പെട്ട് വലയും.
ഈ പ്രശ്‌നം മുന്നില്‍ കണ്ട് സ്പാനിഷ് സര്‍ക്കാര്‍ നിയമം തെറ്റിച്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ ടൂറിസ്റ്റുകള്‍ക്ക് വാടക്ക് നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നു. ആയിരക്കണക്കിന് എയര്‍ ബി ആന്‍ഡ് ബി ലിസ്റ്റിങ്‌സ് നിലവാരം പുലര്‍ത്തുന്നില്ലെന്നുകാണിച്ച് ഒഴിവാക്കി. പക്ഷെ ഇതൊന്നും പ്രശ്‌ന പരിഹാരത്തിന് തുടക്കം കുറിച്ചുപോലുമില്ല. പാര്‍പ്പിടം നഷ്ടപ്പെടുന്നതു മാത്രമല്ല മറ്റനേകം പ്രശ്‌നങ്ങളും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതിലേറ്റവും പ്രധാനമാണ് വിലക്കയറ്റം. വിലനിയന്ത്രണം കര്‍ശനമായി നടപ്പാക്കുന്ന രാജ്യങ്ങളില്‍പോലും അനിയന്ത്രിത ടൂറിസം സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. നാടുകാണാന്‍ വരുന്നവര്‍ കാശ് വാരിക്കോരി ചെലവഴിക്കുമ്പോള്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമെല്ലാം വില കൂടുന്നത് സ്വാഭാവികം. കുറേപേര്‍ക്ക് ടൂറിസം ലാഭം കൊണ്ടുവരുമ്പോള്‍, അതിലേറെപ്പേര്‍ നഷ്ടം സഹിക്കേണ്ടിവരുന്ന അവസ്ഥ.
സ്വന്തം നഗരത്തില്‍ സ്വസ്ഥമായി ജീവിക്കുക, യാത്രചെയ്യുക എന്നത് ഏതു പൗരന്റെയും അവകാശമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 2.6 കോടി ടൂറിസ്റ്റുകള്‍ ബാഴ്‌സലോണയിലെത്തിയെന്നാണ് കണക്കുകള്‍. അതായത്. ഒരു നഗരത്തിലെ താമസക്കാരെ അപ്രസക്തരാക്കിക്കൊണ്ട് സഞ്ചാരികളുടെ കുത്തൊഴുക്ക്. പാരിസ്ഥിതിക സുരക്ഷ മുതല്‍ സ്വകാര്യത വരെ എല്ലാം നഷ്ടപ്പെടുന്ന അവസ്ഥ. തിരക്കും തിക്കും എല്ലാം ചേര്‍ന്ന് മടുത്ത അവസ്ഥയിലാണ് പല യൂറോപ്യന്‍ നഗരങ്ങളിലെയും താമസക്കാര്‍. ഇതാണ് ശക്തമായ എതിര്‍പ്പുയരുന്നതിന് വഴിവെച്ചത്. ടൂറിസ്റ്റുകള്‍ മടങ്ങിപോകുക എന്നാവശ്യപ്പെട്ട് വലിയ റാലികളുടെ പ്രഭവകേന്ദ്രം ബാഴ്‌സലോണയിലായത് വെറുതെയല്ല.
ഓരോ നഗരത്തിനും പ്രദേശത്തിനും താങ്ങാനാവും വിധമേ ടൂറിസ്റ്റുകളെ അനുവദിക്കാവൂ എന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. സ്ഥലവാസികളുടെ സ്വസ്ഥജീവിതം തടസപ്പെടരുത്, പരിസ്ഥിതി സംരക്ഷിക്കണം, മനോഹരമായ സ്ഥലങ്ങളെ സഞ്ചാരികള്‍ പൂര്‍ണമായി കീഴടക്കുന്ന അവസ്ഥ സൃഷ്ടിക്കരുത് എന്നീ ആവശ്യങ്ങളാണ് യൂറോപ്പില്‍ നിന്നുയരുന്നത്. ഉത്തരവാദിത്വ ടൂറിസം എന്നതിന്‍റെ അര്‍ഥം വിപുലീകരിക്കും വിധമുള്ളവയാണ് ഈ പ്രതിഷേധ സമരങ്ങള്‍ എന്ന് വ്യക്തം.