റോബര്‍ട്ട് ലെവൻഡോവ്സ്കിയുടെ പിൻഗാമിയാകാന്‍ ഹാരി കെയ്നെ ലക്ഷ്യമിട്ട് ബാര്‍സിലോന. യുവതാരങ്ങളെ സ്വന്തമാക്കണമെങ്കില്‍ വന്‍ തുക മുടക്കേണ്ടി വരുമെന്നതാണ് കെയിനിലേക്ക് ശ്രദ്ധതിരിക്കാന്‍ കാരണം
പുതിയൊരു സ്ട്രൈക്കറെ കണ്ടെത്തുന്നതിനാണ് ബാര്‍സയുടെ മുഖ്യ പരിഗണന. റോബർട്ട് ലെവൻഡോവ്സ്കിയുടെ കരാർ 2026-ൽ അവസാനിക്കും. അപ്പോഴേക്കും 38 വയസാകുന്ന ലവന്‍ഡോവ്സ്കിയുമായി കരാര്‍ പുതുക്കാനും ബാര്‍സ ആഗ്രഹിക്കുന്നില്ല. ഏർലിങ് ഹാളണ്ടിനെപ്പോലുള്ള യുവതാരങ്ങളെ ക്ലബുകള്‍ വിൽക്കാൻ തയ്യാറായാൽ പോലും, സ്വന്തമാക്കാൻ ഭീമമായ തുക മുടക്കേണ്ടി വരും. അര്‍ജന്‍റീനയുടെ യുവതാരം ഹൂലിയൻ അൽവാരസിനോട് ക്ലബ്ബിന് വലിയ മതിപ്പുണ്ടെങ്കിലും അത്ലറ്റികോ മഡ്രിഡിലെ കരാർ സംബന്ധമായ സങ്കീർണതകൾ നീക്കം ദുഷ്കരമാക്കുന്നു. ഇതോടെയാണ് ബയണ്‍ മ്യൂണിക്കിന്‍റെ 32 കാരനായ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്നെ ബാര്‍സ ലക്ഷ്യം വയ്ക്കുന്നത്.
സ്ട്രൈക്കർ സ്ഥാനത്തിനു പുറമേ, ലെഫ്റ്റ് ബാക്ക് സ്ഥാനവും ശക്തിപ്പെടുത്താൻ ബാർസലോന ശ്രമിക്കുന്നുണ്ട്. നിലവിലെ താരം ബാൽഡെയ്ക്ക് മത്സരം നൽകാൻ ജര്‍മന്‍ ക്ലബ് ബയര്‍ ലെവര്‍ക്യൂസെനിലെ സ്പാനിഷ് താരം അലയാന്ദ്രോ ഗ്രിമാൾഡോയുടെ പേരിനാണ് മുഖ്യ പരിഗണന.