തരംതാഴ്ത്തലിന്റെ വക്കിലെത്തിയ ബയേൺ ലെവർകൂസനെ ചാംപ്യന്‍മാരാക്കിയ സാബി മാജിക്. ആ സാബി തന്നെ കളി പഠിപ്പിച്ച ബെർണബ്യൂവിന്റെ മുറ്റത്തേക്ക് എത്തുമ്പോൾ റയൽ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയുണ്ടായിരുന്നു. നന്നായി തന്നെ തുടങ്ങി. പക്ഷേ പിന്നീട് എവിടെയൊക്കെയോ സാബിക്ക് പിഴച്ചു തുടങ്ങി. ഏറ്റവും ഒടുവിൽ സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിലും അടിയറവ് വെച്ചു.
പന്ത് കൈവശം വെച്ച് കൃത്യമായ പാസുകളിലൂടെ എതിരാളികളുടെ പ്രതിരോധം ഭേദിക്കുന്നതാണ് സാബി സ്റ്റൈൽ. സീസൺ നന്നായി തുടങ്ങി. കഴിഞ്ഞ സീസണിൽ തങ്ങളെ നിലം തൊടാതെ പറത്തിയ ചിരവൈരികളായ ബാർസിലോനയെ തോൽപ്പിച്ചു. ആദ്യ 10 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒൻപത് ജയവുമായി പോയിന്റ് പട്ടികയിൽ മുന്നിലായിരുന്നു റയൽ മഡ്രിഡ്. പിന്നെ പതിയെ കാര്യങ്ങൾ കൈവിട്ടുതുടങ്ങി. നഗരവൈരികളായ അത്‌ലറ്റിക്കോ മഡ്രിഡിനോട് നാണം കേട്ട തോൽവി. പിന്നാലെ ചാംപ്യൻസ് ലീഗിൽ സീസണിലെ ഏറ്റവും മോശം ഫോമിൽ കളിക്കുന്ന ലിവർപൂളിനോട് തോൽവി. ഏറ്റവുമൊടുവിൽ സിറ്റിയും. വലിയ ടീമുകൾക്കെതിരെ സാബിയുടെ തന്ത്രങ്ങൾ പരാജയപ്പെടുന്നു. ലാ ലിഗയിൽ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ജയിക്കാനായത് ഒരണ്ണം മാത്രം. ഒരു തോൽവി. 3 സമനില. ഏറ്റവും ഒടുവിൽ ലോസ് ബ്ലാങ്കോസിന്‍റെ തിരിച്ചുവരവുകൾ ഒരുപാടു കണ്ട ബർണാബ്യുവിൽ സെൽറ്റയോട് ഞെട്ടിക്കുന്ന തോൽവി. ഇതോടെ റയലിനെ മറികടന്ന് ബാർസ നാല് പോയിന്റ് ലീഡിൽ ടേബിൾ ടോപ്പിൽ എത്തുകയും ചെയ്തു. കൂവി വിളിച്ചാണ് റയലിനെ സ്വന്തം മൈതാനത്ത് ആരാധകർ യാത്രയാക്കിയത്.
സാബിയുടെ രീതികളോട് യോജിപ്പില്ലാത്ത താരങ്ങൾ റയലിൽ തന്നെയുണ്ട്. വിനീസ്യൂസ് ജൂനിയർ, റോഡ്രിഗോ, ജൂഡ് ബെല്ലിങ്ഹാം, വാൽവെർദേ ഒക്കെ ഇക്കൂട്ടത്തിലുണ്ട്. ബാർസയ്ക്കെതിരെ സബ്സ്റ്റൂട്ട് ചെയ്തപ്പോൾ വിനിയുടെ റിയാക്ഷൻ നമ്മൾ കണ്ടതാണ്. ഇരുവരും തമ്മിലുള്ള തർക്കങ്ങൾ മാധ്യമങ്ങൾ ആഘോഷിച്ചു. കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ ഫസ്റ്റ് ഇലവനിൽ എപ്പോഴും സ്ഥാനം ഉണ്ടായിരുന്ന വിനീസ്യൂസ് ജൂനിയർക്ക് ഈ സീസണിൽ പലപ്പോഴും ബെഞ്ചിലാണ് സ്ഥാനം. അത് താരത്തിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. 34 മത്സരങ്ങൾക്ക് ശേഷമാണു റോഡ്രിഗോ ഗോൾ നേടിയത്. ബ്രസീലിയൻ വണ്ടർ ബോയ് എൻട്രികും കുറച്ചുകാലമായി ബെഞ്ചിൽ തന്നെ. ക്ലബ് ലോകകപ്പ് ഹീറോ ഗോൺസാലോ ഗാർഷ്യയുടെ കാര്യവും വ്യത്യസ്തമല്ല. ഇതോടൊപ്പം പ്രതിരോധനിരയിലെ താരങ്ങളുടെ പരുക്കും റയലിനെ അലട്ടുന്നു. കിലിയൻ എംബപ്പെയുടെ ഗോളടി മികവ് മാത്രമാണ് റയലിന് ആശ്വാസം. എന്നാൽ എംബാപ്പയെ പൂട്ടിയാൽ റയൽ മുന്നേറ്റത്തിന്റെ മുന ഒടിക്കാം എന്ന് എതിരാളികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
എഴുതിത്തള്ളാൻ കഴിയുകയില്ല റയലിനെ. വെള്ള കുപ്പായത്തിൽ ഈ സീസണിൽ പുരണ്ട കറയെല്ലാം കഴുകി കളയണം. പക്ഷേ അതിന് ഇനിയൊരു അവസരം ഫ്ലോറന്റീനോ പെരസ് നൽകുമോ എന്ന് കണ്ടറിയണം.