ചാംപ്യൻസ് ലീഗ് പ്ലേ ഓഫ് ആദ്യപാദ മല്‍സരത്തില്‍ റയൽ മഡ്രിഡ് താരം വിനീസ്യൂസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ ബെൻഫിക്കയുടെ അർജന്റീനൻ വിങ്ങർ ജിയാൻലൂക്ക പ്രെസ്റ്റിയാനിക്ക് ഒരു മല്‍സരത്തില്‍ താൽക്കാലിക വിലക്ക്. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയാണ് വിലക്കേര്‍പ്പെടുത്തിയത്. ലിസ്ബണിൽ നടന്ന മത്സരത്തിൽ റയൽ 1–0ന് ജയിച്ചിരുന്നു. റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണബ്യൂവിൽ ബുധനാഴ്ച നടക്കുന്ന രണ്ടാം പാദ മല്‍സരം ഇതോടെ പ്രെസ്റ്റിയാനിക്ക് നഷ്ടമാകും.
വിനീഷ്യസിനെതിരെ വംശീയാധിക്ഷേപം; ആരോപണം നിഷേധിച്ച് പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്ക
വിവേചനപരമായ പെരുമാറ്റം സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ യുവേഫ എത്തിക്സ് ആൻഡ് ഡിസിപ്ലിനറി ഇൻസ്പെക്ടറെ നിയമിച്ചിട്ടുണ്ട്. ഈ അന്വേഷണത്തിന്റെ അന്തിമഫലം വരുന്നതുവരെയാണ് നിലവിലെ വിലക്ക്. രണ്ടാം പകുതിയില്‍ വിനീസ്യൂസ് റയലിനെ മുന്നിലെത്തിച്ചതിന് തൊട്ടുപിന്നാലെ മല്‍സരം 11 മിനിറ്റോളം നിർത്തിവെച്ചിരുന്നു. പ്രെസ്റ്റിയാനി ജേഴ്സികൊണ്ട് വായ് മറച്ച് സംസാരിക്കുന്നത് ടെലിവിഷൻ ദൃശ്യങ്ങളിൽ വ്യക്തമാണ്. വംശീയ അധിക്ഷേപമെന്ന ആരോപണം ഉയര്‍ന്നതോടെ ഫിഫയുടെ വംശീയവിരുദ്ധ പ്രോട്ടോക്കോൾ പ്രകാരം റഫറി മല്‍സരം നിർത്തിവെക്കുകയായിരുന്നു. റയൽ താരം കിലിയൻ എംബപെ, പ്രെസ്റ്റിയാനിയെ 'വൃത്തികെട്ട വംശീയവാദി' എന്ന് വിളിച്ച് നേരിടുന്നതും, ബെൻഫിക്ക ആരാധകർ കുരങ്ങനെ അനുകരിക്കുന്നതും സംപ്രേഷണ ദൃശ്യങ്ങളിൽ കാണാമായിരുന്നു.
ആരോപണം നിഷേധിച്ച് പ്രെസ്റ്റിയാനി
താൻ പറഞ്ഞത് വിനീസ്യൂസ് തെറ്റിദ്ധരിച്ചതാണെന്ന് പറഞ്ഞ് പ്രെസ്റ്റിയാനി ആരോപണം നിഷേധിച്ചു. തങ്ങളുടെ താരത്തിന് പൂർണ പിന്തുണയുണ്ടെന്ന് ബെൻഫിക്ക ക്ലബ്ബും അറിയിച്ചു. എന്നാൽ, പ്രെസ്റ്റിയാനി ഇതേ വംശീയാധിക്ഷേപം പലതവണ ആവർത്തിക്കുന്നത് താൻ കേട്ടതായി എംബപെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. റയലിന്റെ ഫ്രഞ്ച് മധ്യനിര താരം ഓറേലിയൻ ചൗമെനിയും ഇതേ ആരോപണം ഉന്നയിച്ചു.