ചിത്രം; റോയിട്ടേഴ്‌സ്
ഇസ്താംബുള്‍ ചര്‍ച്ചയിലെ ധാരണപ്രകാരം റഷ്യയും യുക്രയിനും യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുെട മൃതദേഹങ്ങള്‍ കൈമാറി. 27 റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങളാണ് യുക്രയിന്‍ കൈമാറിയത്. അതേസമയം 1212 സൈനികരുടെ മൃതദേഹങ്ങളാണ് റഷ്യ വിട്ടുനല്‍കിയത്. കിഴക്കന്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളാണ് ഇരുരാജ്യങ്ങളും കൈമാറിയത്.
ഇസ്താംബുള്‍ ചര്‍ച്ചയ്ക്കു പിന്നാലെ മൃതദേഹങ്ങള്‍ കൈമാറാന്‍ ധാരണയായെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ പ്രധാന ഉപദേഷ്ടാവ് വ്ലാദിമിര്‍ മെഡിന്‍സ്കി അറിയിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റവരേയും ഇരുരാജ്യങ്ങളും പരസ്പരം കൈമാറാന്‍ ധാരണയായതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൃതദേഹങ്ങള്‍ വഹിക്കുന്ന ട്രക്കുകളുമായി റെഡ്ക്രോസ് അംഗങ്ങള്‍ പോകുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചില ട്രക്കുകള്‍ക്കു മുകളില്‍ ‘ഓണ്‍ ദ ഷീല്‍ഡ്’ എന്ന യുക്രയിനിയന്‍ സംഘടനയുടെ അടയാളവും കാണാം. മോസ്കോയും കീവും കഴിഞ്ഞയാഴ്ച്ചയാണ് പലവട്ട ചര്‍ച്ചകള്‍ക്കു ശേഷം മൃതദേഹങ്ങള്‍ കൈമാറാനായി ധാരണയിലെത്തിയത്. അഞ്ചുദിവസം അതിര്‍ത്തിയില്‍ കാത്തിരുന്ന ശേഷമാണ് മൃതദേഹങ്ങള്‍ വഹിച്ച ട്രക്ക് ഏറ്റെടുക്കാന്‍ യുക്രയിന്‍ തയ്യാറായതെന്ന് റഷ്യന്‍ വക്താവ് ഏജന്‍സിയോട് പറഞ്ഞു.