കോസ്മറ്റിക് വസ്തുക്കൾ കഴിച്ചതിനെ തുടർന്ന് ഇരുപത്തിനാലുകാരിയായ തായ്‌വാനീസ് ബ്യൂട്ടി ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. സമൂഹമാധ്യമത്തിൽ ഗുവ ബ്യൂട്ടി എന്ന പേരിലുള്ള പേജിലൂടെയാണ് വിഡിയോകൾ പങ്കുവച്ചിരുന്ന യുവതിയാണ് മരണപ്പെട്ടത്. ലിപ്സ്റ്റിക്, ബ്ലഷ്, ഫെയ്സ് മാസ്കുകൾ എന്നിവ കഴിക്കുന്നത് യുവതി തന്നെ ‘മേക്കപ്പ് മുക്ബാങ്’ എന്ന വിഡിയോയിലൂടെ പങ്കുവച്ചിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് മേയ് 24നാണ് യുവതി മരിച്ചത്. കോസ്മറ്റിക് വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന വിഷപദാര്‍ഥമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ജെല്ലി പോലെയുള്ള ഒരു ബ്ലഷ് ചുണ്ടിലും കവിളിലും പുരട്ടിയ ശേഷം അത് വായിലിട്ടു ചവയ്ക്കുന്ന ഒരു വിഡിയോ യുവതി പങ്കുവച്ചിരുന്നു. അഗർ ജെല്ലിപോലെ ക്രിസ്പിയാണിതെന്നും എന്നാൽ രുചി അസഹനീയമാണെന്നും യുവതി വിഡിയോയിൽ പറയുന്നുണ്ട്.
യുവതിയുടെ ഇത്തരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമത്തിൽ വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഇത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഫോളവേഴ്സില്‍ പലരും അഭിപ്രായപ്പെട്ടു. സൗന്ദര്യം കൂടാനും സുന്ദരിയാവാനും ഇങ്ങനെയൊന്നും ചെയ്യരുതെന്നാണ് സൈബറിടം പറയുന്നത്.