Image Credit: .instagram/__black_widow____

യൂട്യൂബ് ചാനലുകളുടെ മോശം ക്യാമറ ആങ്കിളുകള്‍ക്ക് എതിരെ സെലിബ്രറ്റികളും നേരത്തെ രംഗത്തെത്തിയിട്ടുണ്ട്. മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ പ്രതികരണം നടത്തുകയാണ്  ഇൻഫ്ലുവൻസറും മിസ് കേരള ഫിറ്റ്നസ് ജേതാവുമായ ആരതി കൃഷ്ണ. കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയുള്ള സന്ദര്‍ഭങ്ങള്‍ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നാണ് ആരതി പറയുന്നത്. ഇതിനെതിരെ പ്രതികരിച്ചശേഷം 100 ഇരട്ടി മോശമാക്കി വീണ്ടും ദൃശ്യങ്ങള്‍ വന്നെന്നും ആരതി പറയുന്നു. 

കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ ഓണ്‍ലൈന്‍ മീഡിയകളോട് മോശമായി ചിത്രീകരിക്കരുതെന്ന് അഭ്യര്‍ഥിച്ചതായി ആരതി പറയുന്നു. ''അത്താണിയില്‍ ഒരു പരിപാടിക്ക് പോയിരുന്നു. പരിപാടിക്ക് ശേഷം കുറെ വളരെ മോശം രീതിയിലുള്ള വിഡിയോസ് കണ്ടു. ഈ പരിപാടിക്ക് പോയപ്പോള്‍ ഇങ്ങനെ ചെയ്യരുതെന്ന് യൂട്യൂബേഴ്സിനോട് പറഞ്ഞിരുന്നു. സപ്പോര്‍ട്ട് ചെയ്തത് മീഡിയയയാണ്. ഈ അവസഥയില്‍ നില്‍ക്കുന്നതിന് കാരണം മീഡിയയാണ്. അവരോട് കടപ്പാടുണ്ട്. കഴിഞ്ഞ പരിപാടിയുടെ വിഡിയോസ് ഞാന്‍ പോലും അറിയാതെ മോശമാക്കുന്ന രീതിയില്‍ വന്നു. വെറൊരു കാറ്റഗറിയിലേക്ക് പെടുത്തുന്നത് പോലെ തോന്നി. ഞാന്‍ അങ്ങനെയൊരാളല്ല. അങ്ങനെ ശ്രമിക്കല്ല എന്ന് പറഞ്ഞു'' എന്നാണ് ആരതി ഇന്‍സ്റ്റഗ്രാമിലെ വിഡിയോയില്‍ പറയുന്നത്. 

അങ്ങനെയുള്ള ഡ്രസ് ധരിച്ചിട്ടല്ലേ എന്ന് തോന്നാം. പരിപാടി വരുമ്പോള്‍ വസ്ത്രം സംഘടിപ്പിക്കലാണ് പ്രശ്നം. ഒരാള്‍ വസ്ത്രങ്ങള്‍ തന്നിട്ടുണ്ട്. കലക്‌ഷൻ ഡ്രസ്സ് തരുമ്പോൾ അതിൽ നിന്ന് നമുക്ക് പാകമാകുന്നത് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടിട്ടാണെന്ന് ആരതി പറയുന്നു. ''ചിലതൊന്നും നമ്മുടെ ശരീരത്തിനനുസരിച്ച് ഉള്ളതാകില്ല, ചിലത് കഴുത്ത് വളരെ ഇറങ്ങിയതാകും, മറ്റൊരാളുടെ അളവിനുള്ളതാകും. ഈ ഒരു ചെറിയ കാര്യമല്ലേ ഉള്ളൂ എന്ന് കരുതിയാകും നമ്മൾ അത് ഉപയോഗിക്കുക. ഒരേ സമയത്ത് പല കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ വസ്ത്രത്തിന്റെ കാര്യം ചിലപ്പോൾ മാനേജ് ചെയ്യാൻ പറ്റി എന്ന് വരില്ല. ചിലപ്പോൾ കുനിയുമ്പോൾ വസ്ത്രത്തിന്റെ കഴുത്ത് ഇറങ്ങിപോകും, സ്ലിറ്റ് മാറി കിടക്കും, എല്ലാം ഒന്നും എപ്പോഴും ശ്രദ്ധിക്കാൻ പറ്റിയെന്ന് വരില്ല'' ആരതി കൂട്ടിച്ചേര്‍ത്തു.  

കഴിഞ്ഞ പരിപാടിക്കിടെ നടന്ന സംഭവവും ആരതി വിശദീകരിച്ചു. ''ചെരിപ്പിടുന്ന സമയത്ത് നെക്ക് ശ്രദ്ധിച്ചില്ല. ഇത്രയും സമയം ഈ ഭാഗം ഫോക്കസ് ചെയ്ത് ക്ലോസപ്പില്‍ എത്രത്തോളം കവര്‍ ചെയ്യാമോ അത്രത്തോളം കവര്‍ ചെയ്തു. ഇത് കാണുന്ന പലരും എനിക്ക് അയച്ചു തരുന്നു. അത് സങ്കടമുണ്ടാകുന്നു. എനിക്ക് ചുറ്റുമുള്ളവര്‍ ഇത് കാണുന്നു. അമ്മ കണ്ടിട്ടുണ്ടാകും വിഷമം ഉണ്ടായിട്ടുണ്ടാകും. ഞാന്‍ അത്തരമൊരാളെയല്ല'' ആരതി പറഞ്ഞു. 

പുതിയ പരിപാടിയില്‍ യൂട്യൂബേഴ്സിനോട് ഇക്കാര്യം പറഞ്ഞ ശേഷവും ഇതേരീതിയില്‍ ആക്രമണം ഉണ്ടായെന്നും ആരതി പറയുന്നു. ''എന്നെ ഈ കാറ്റഗറിയിലേക്ക് പെടുത്തല്ലേ. ശരീരം കാണിച്ച് ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ആളല്ല. ഇത് പറഞ്ഞിന് പിന്നാലെ പുതിയ പരിപാടിയുടെ വിഡിയോസ് പുറത്തുവന്നു. കഴിഞ്ഞ തവണ പുറത്തുവിട്ടതിന്‍റെ 100 ഇരട്ടി മോശമാക്കിയുള്ള ദൃശ്യങ്ങളാണിത്'' എന്നും ആരതി പറയുന്നു. 

ഓണ്‍ലൈന്‍ മീഡിയകള്‍ സംസാരിക്കുന്നതിനിടെ കട്ട് ചെയ്ത് പകുതിയാക്കി ലൈംഗിക ചുവയുള്ള ഡയലോഗാക്കി മാറ്റാന്‍ ശ്രമിക്കുന്നു എന്നും ആരതി ആരോപിച്ചു. ''മാറി മാറി പല ജിമ്മിൽ വർക്ഔട്ട് ചെയ്യാൻ താൽപര്യം ഉണ്ടെന്ന് പറഞ്ഞു. അതിനെ കട്ട് ചെയ്ത് ‘എനിക്ക് മാറിമാറി ചെയ്യാൻ താല്പര്യമുണ്ട്’ എന്ന രീതിയിൽ ഇട്ട് പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല'' എന്നാണ് ആരതി പറയുന്നത്. 

ഈ ദൃശ്യങ്ങള്‍ എങ്ങനെ, എത്ര പേരുടെ കയ്യില്‍ ഉണ്ട്. എന്ത് ചെയ്യാന്‍ പോകുന്നത്, എത്രയിടങ്ങളില്‍ പോസ്റ്റ് ചെയതു എന്നറിയില്ല. എങ്ങനെ ബ്ലോക്ക് ചെയ്യണം എന്നറിയില്ല. ഇത്രയും മനുഷ്യത്വമില്ലാത്തവരുടെ ലോകത്ത് ലോകത്ത് ഇറങ്ങി ജീവിക്കാന്‍ പേടിയാവുകയാണ്. ദയവു ചെയ്ത് ഇല്ലാതാക്കാന്‍ ശ്രമിക്കരുത് എന്നും ആരതി പറഞ്ഞു. 

ENGLISH SUMMARY:

Aarthi Krishna, an influencer and Miss Kerala Fitness winner, is speaking out against malicious camera angles and misrepresentation by YouTube channels. She is raising concerns about how her visuals are being manipulated and shared on social media, causing her distress and impacting her reputation.