ജൂണ്‍ ഒന്നിന് തേനീച്ചക്കൂട്ടം പോലെ പറന്നിറങ്ങിയ യുക്രയിന്‍ ഡ്രോണുകള്‍ അക്ഷരാര്‍ത്ഥത്തില്‍ റഷ്യയെ ഞെട്ടിച്ചു. റഷ്യയിലെ അഞ്ച് വ്യോമതാവളങ്ങളില്‍ നടത്തിയ ആക്രമണം ആധുനിക യുദ്ധ ശൈലിയില്‍ പുതിയൊരു യുഗത്തിനാണ് തുടക്കമിട്ടത്. യുക്രയിന്‍ സുരക്ഷാ ഏജന്‍സിയായ എസ്ബിയു നടത്തിയ ആക്രമണത്തിനു പിന്നില്‍ ഒന്നര വര്‍ഷത്തെ ആസൂത്രണമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഓപ്പറേഷന്‍ സ്പൈഡേഴ്സ് വെബ്’ എന്നാണ് ഈ ഡ്രോണ്‍ ആക്രമണം അറിയപ്പെടുന്നത്.
തന്ത്രങ്ങളുടേയും കുതന്ത്രങ്ങളുടേയും സാങ്കേതികവിദ്യയുടേയും കാര്യത്തില്‍ അതികായരാണ് പുടിനും പുടിന്റെ റഷ്യയും, പക്ഷേ യുക്രയിന്റെ ഈ രഹസ്യനീക്കം റഷ്യ അറിഞ്ഞില്ലെന്നത് വലിയ നാണക്കേടാണ് സൃഷ്ടിച്ചത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആദ്യത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് ആകാം യുക്രയിന്‍ സൈന്യം റഷ്യയില്‍ നടത്തിയതെന്നാണ് വിവരം. റഷ്യയുടെ 5000കിലോമീറ്ററിലധികം ഉള്ളിലേക്ക് കരമാര്‍ഗം 117 ഡ്രോണുകള്‍ ലോറികളില്‍ അയച്ച് , തകര്‍ക്കാനുദ്ദേശിച്ച വ്യോമതാവളങ്ങളുടെ തൊട്ടടുത്തെത്തി, അവിടെനിന്നും ഒറ്റ പ്രഹരം. റഷ്യയുടെ ഇടനെഞ്ചില്‍ തന്നെ കൊണ്ടു.
സുരക്ഷാ സംവിധാനങ്ങളും റഷ്യന്‍ സൈന്യത്തേയും മറികടന്ന് കരമാര്‍ഗം ഇത്രദൂരം യുക്രയിന്‍ എങ്ങനെയെത്തിയെന്നതില്‍ ഇന്നും ഉത്തരം കിട്ടിയിട്ടില്ല. മാത്രമല്ല ഈ ആക്രമണത്തിനുപയോഗിച്ച സാങ്കേതികവിദ്യയും അവിശ്വസനീയമാണ്. പ്രഹരിക്കേണ്ട സമയമായപ്പോള്‍ അകലെനിന്ന് റിമോട്ട് കണ്‍ട്രോളിലൂടെ അവ പ്രവര്‍ത്തിപ്പിച്ചു.
റഷ്യയുടെ നാല്‍പ്പതിലേറെ വമ്പന്‍ ബോംബര്‍ വിമാനങ്ങള്‍ ആക്രമിക്കപ്പെട്ടെന്നാണ് വിവരം. 13എണ്ണം പൂര്‍ണമായും തകര്‍ന്നു. ബാക്കിയുള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. റഷ്യയ്ക്ക് കുറഞ്ഞത് 200കോടി ഡോളര്‍ നഷ്ടമുണ്ടാകുമെന്ന് ആക്രമണത്തിനു പിന്നാലെ യുക്രയിന്‍ വിലയിരുത്തി. സൈനിക നഷ്ടം സാരമില്ലാത്തതാണ്, തുപ്പലേവ്–95,22, ബെറിയേവ്– എ 50 തുടങ്ങിയ പഴയ തലമുറ വിമാനങ്ങളാണ് ആക്രമിക്കപ്പെട്ടത്.
ആയുധനഷ്ടത്തേക്കാള്‍ റഷ്യയെ ആശങ്കപ്പെടുത്തുന്നത് അവര്‍ക്കേറ്റ അപമാനമാണ്. റഷ്യന്‍ സുരക്ഷാ സംവിധാനത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേറ്റു. ഇത്രയധികം ഡ്രോണുകള്‍ റഷ്യയുടെ അകത്തളങ്ങളിലേക്ക് എത്തിയിട്ടും റഷ്യയും പുട്ടിനും അറിയാതെ പോയിഎന്നത് വലിയ നാണക്കേടാണ് സൃഷ്ടിക്കുന്നത്. ഒന്നരക്കൊല്ലമായി ഞങ്ങള്‍ ഈ പണിപ്പുരയിലായിരുന്നുവെന്നാണ് യുക്രയിന്‍ അവകാശപ്പെട്ടത്. റിമോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രഹരം നടത്തുന്നതിനു മുന്‍പേ അതില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ച് യുക്രയിനിലെത്തിക്കാന്‍ സാധിച്ചെന്നും വ്ലാദിമിര്‍ സെലന്‍സ്കി അഭിമാനത്തോടെ പറയുന്നു. റഷ്യന്‍ ചാരക്കണ്ണുകള്‍ക്കു മുന്‍പിലൂെട വന്ന് ആക്രമണം നടത്തി അവര്‍ക്ക് മുന്‍പിലൂടെ തന്നെ രക്ഷപ്പെട്ടുവെന്ന് സാരം.
ലോറികളിലെ തടിപ്പെട്ടികളിലാണത്രേ ഡ്രോണുകള്‍ ഒളിപ്പിച്ചത്. പെട്ടികളുടെ വാതില്‍ തുറക്കാനുള്ള സംവിധാനം നിയന്ത്രിച്ചത് യുക്രയിനില്‍ നിന്നാണ്. വാതില്‍ തുറക്കുന്ന മുറയ്ക്ക് റഷ്യന്‍ വ്യോമതാവളങ്ങള്‍ ചുട്ടെരിക്കാനുള്ള ദൗത്യവുമായി ഡ്രോണുകള്‍ ഒന്നൊന്നായി പട്ടാപ്പകല്‍ പറന്നുപൊങ്ങി. കാമറക്കണ്ണുകളുള്ള ഡ്രോണുകള്‍ തത്സമയ ദൃശ്യങ്ങള്‍ യുക്രയിനിലേക്ക് അയച്ചുകൊടുത്തു.