എന്നെ വിവാഹം കഴിക്കാമോ?... പെണ്‍സുഹൃത്തായ ബെക്കി പട്ടേലിനോട് മാറ്റ് മിച്ചേല്‍ ചോദിക്കുകയാണ്,അതും വീശിയടിക്കുന്ന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍. പിന്നാലെ അമ്പരപ്പും ആഹ്ലാദവും, ചോദ്യത്തിനു പിന്നാലെ മോതിരമണിയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒക്‌ലഹോമയിലെ അര്‍നെറ്റിലാണ് സംഭവം.
ഇരുവരുടേയും സുഹൃത്താണ് വിഡിയോ ചിത്രീകരിച്ചത്. മോതിരമണിഞ്ഞു നില്‍ക്കുന്ന ബെക്കിയുടെ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എസ്‌യുവിക്കടുത്തു നിന്നാണ് പെണ്‍സുഹൃത്തിനെ മാറ്റ് പ്രപ്പോസ് ചെയ്യുന്നത്. കാനഡ സ്വദേശിയാണ് ബെക്കി. പ്രപ്പോസല്‍ കേട്ട് ബെക്കി തുള്ളിച്ചാടുന്നതും പിന്നാലെ മാറ്റിനെ ആലിംഗനം ചെയ്യുന്നതും വിഡിയോയിലുണ്ട്.
ഇല്ലിനോയി സ്വദേശിയായ മാറ്റ് മിച്ചേല്‍ കഴിഞ്ഞ ആറുവര്‍ഷമായി ടൊര്‍ണാഡോ ഗൈഡ് ആയി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു യാത്രക്കിടെയാണ് മാറ്റും ബെക്കിയും കണ്ടുമുട്ടിയത്. സാഹസികയാത്രകളേയും ചുഴലിക്കാറ്റിനേയും സ്നേഹിക്കുന്ന ബെക്കിയും മാറ്റും ഒന്നിച്ചെടുത്ത തീരുമാനം ഏതായാലും സോഷ്യല്‍മീഡിയയിലും കൊടുങ്കാറ്റായി വീശുകയാണെന്നാണ് കമന്റുകള്‍.