Image: Tulsi Gabbard,Reuters

പാക്കിസ്ഥാന്‍ വികസിപ്പിക്കുന്ന ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളില്‍ അമേരിക്കയെ ലക്ഷ്യം വയ്ക്കാന്‍ ശേഷിയുള്ള ഐസിബിഎമ്മുകള്‍ (ICBMs - Intercontinental Ballistic Missiles) ഉള്‍പ്പെട്ടേക്കാമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗം മേധാവി തുല്‍സി ഗബ്ബാര്‍ഡ്. യുഎസ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിക്ക് മുന്‍പില്‍ സമർപ്പിച്ച 2026-ലെ വാർഷിക ഭീഷണി വിലയിരുത്തൽ (Annual Threat Assessment) റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

പാക്കിസ്ഥാന്റെ മിസൈല്‍ പദ്ധതികള്‍ നടത്തുന്നത് ഇന്ത്യയെ ലക്ഷ്യംവച്ചുള്ളതാണെന്ന് അവകാശപ്പെടാറുണ്ടെങ്കിലും അമേരിക്ക ഏറെ ഗൗരവമായി കാണണമെന്ന വിലയിരുത്തലിലാണ് സുരക്ഷാ ഏജന്‍സികള്‍. ചൈന, റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നിവയ്ക്കൊപ്പം പാക്കിസ്ഥാനും അമേരിക്കൻ മണ്ണ് ലക്ഷ്യംവച്ചുള്ള നൂതന മിസൈൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഈ രാജ്യങ്ങളാണ് അമേരിക്കയ്ക്കെതിരെ വലിയ ആണവഭീഷണികള്‍ ഉയര്‍ത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

2035-ഓടെ അമേരിക്കയ്ക്ക് നേരെയുള്ള ഇത്തരം മിസൈൽ ഭീഷണി വര്‍ധിച്ചേക്കുമെന്നും തുല്‍സി മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ ഭീഷണി 3,000മാണെങ്കില്‍ പത്തുവര്‍ഷത്തിനപ്പുറം 16,000ത്തിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് വിഭാഗം മുന്‍കൂട്ടിക്കാണുന്നു. 

മാത്രമല്ല അമേരിക്ക മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈലുകളാണ് ചൈനയും റഷ്യയും വികസിപ്പിക്കുന്നതെന്നും യുഎസ് ഇന്റലിജന്‍സ് കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഇപ്പോള്‍ത്തന്നെ അമേരിക്കയില്‍ എത്താന്‍ സാധിക്കുന്നതാണ്. മാത്രമല്ല ഇറാന്‍ വിഷയത്തിലുള്‍പ്പെടെ ഉത്തരകൊറിയ ചൈനയുമായും റഷ്യയുമായും അടുക്കുന്നത് അത്ര നല്ല സൂചനകളല്ല നല്‍കുന്നതെന്നും ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു. 

ആഫ്രിക്കയിലും പശ്ചിമേഷ്യയിലും തെക്കനേഷ്യയിലും സാന്നിധ്യമുളള അൽ-ഖ്വയ്ദ, ഐസിസ് എന്നീ ഭീകരസംഘടനകള്‍ അമേരിക്കയ്ക്ക് വലിയ തലവേദനയാകുമെന്നും ഇറാന്റെ ആണവശേഷി ഏറെക്കുറെ നഷ്ടപ്പെട്ടെന്നും ഇന്റലിജന്‍സ് മേധാവി വിലയിരുത്തുന്നു. 

US Intelligence Warns of Pakistan's ICBM Threat to America:

Pakistan's development of ICBMs capable of targeting the United States is a significant concern highlighted in a US intelligence report. This assessment, presented to the US Senate Intelligence Committee, suggests that Pakistan's missile capabilities might extend beyond targeting India, posing a potential threat to American soil by 2035.