സൈനിക മേധാവി ജനറല്‍ അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി പാക്കിസ്ഥാന്‍. അറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അയുബ് ഖാനായിരുന്നു ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ പദവി നേടിയത്. പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ 26 നിരപരാധികളായ ഇന്ത്യക്കാരെ കൊലപ്പെടുത്തിയതിനും പിന്നാലെ സൈനികസംഘര്‍ഷം സൃഷ്ടിച്ചതിനുമുള്ള ബഹുമതിയായാണ് പാക്കിസ്ഥാന്‍ ഈ പദവി മുനീറിനു നല്‍കിയത്. അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഹമ്മദ് അയൂബ് ഖാനാണ് ഈ പദവി ആദ്യമായി ലഭിച്ചത്.
ഇന്ന് അസിം മുനീറിനു ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കിയത് രാജ്യത്തെ സര്‍ക്കാരാണെങ്കില്‍ അന്ന് സൈനിക അട്ടിമറിയിലൂടെ അയൂബ് ഖാന്‍ ഫീല്‍ഡ് മാര്‍ഷല്‍ പദവിയില്‍ സ്വയം അവരോധിതനാവുകയായിരുന്നു എന്നതാണ് വ്യത്യാസം. 1958ല്‍ രാഷ്ട്രീയ അസ്ഥിരതകളും, പൊതുജന പ്രതിഷേധവും, അഴിമതിയും കാരണം താറുമാറായ പാക്കിസ്ഥാനില്‍ പ്രസിഡന്റ് ഇസ്ക്കന്ദര്‍ മിര്‍സയായിരുന്നു അയൂബ് ഖാനെ സൈനിക മേധാവിയാക്കിയത്. എന്നാല്‍ വെറും 20 ദിവസത്തിനുള്ളില്‍ മിര്‍സക്കെതിരെ തിരിഞ്ഞുകുത്തിയ ജനറല്‍ അയൂബ് ഖാന്‍ സര്‍ക്കാറിനെ അട്ടിമറിച്ച് പരമാധികാരം ഏറ്റെടുത്തു. രാജ്യത്തെ പട്ടാള അട്ടിമറികളുടെ തുടക്കമായിരുന്നു ആ സംഭവം.
പിന്നാലെ രാജ്യം വിട്ട മിര്‍സ മരണം വരെ ലണ്ടനിലാണ് കഴിഞ്ഞത്. പിന്നീടുള്ള 11 വര്‍ഷങ്ങള്‍ ഫീല്‍ഡ് മാര്‍ഷല്‍ അയൂബ് ഖാന്‍റെ കീഴിലായിരുന്നു പാക്കിസ്ഥാന്‍. സാമ്പത്തിക പരിഷ്ക്കാരങ്ങളും, അടിസ്ഥാന വികസനവും യുഎസും ചൈനയുമായുള്ള അടുത്ത ബന്ധവും അയൂബ് ഖാന്‍റെ അധികാരത്തിന്‍ കീഴിലായിരുന്നു. സിന്ധുനദീജല കരാര്‍ ഒപ്പുവയ്ക്കുന്നതും ഇക്കാലത്തായിരുന്നു. പിന്നാലെ കിഴക്കന്‍ പാക്കിസ്ഥാനില്‍ (ബംഗ്ലാദേശ്) നിന്നുയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ക്കു പിന്നാലെ യാഹിയാ ഖാന് അധികാരം കൈമാറി അയൂബ് ഖാന്‍ പദവിയൊഴിഞ്ഞു.
നിര്‍ണായകമായ യുദ്ധവിജയങ്ങള്‍ക്കും മികച്ച സൈനിക സേവനങ്ങള്‍ക്കുമാണ് മറ്റ് രാജ്യങ്ങളില്‍ ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കുന്നത്. പാക്കിസ്ഥാനിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ തിരിച്ചാണ്, സ്വയം പ്രഖ്യാപിത വിജയങ്ങള്‍ക്കും നീക്കങ്ങള്‍ക്കും പിന്നാലെ സ്വയം ആശ്വസിക്കുക എന്നതിന്റെ ഭാഗമായാണ് ഈ പദവി നല്‍കുന്നതെന്നാണ് വാര്‍ത്തയ്ക്കു പിന്നാലെ വരുന്ന വിലയിരുത്തല്‍.