ഇന്ത്യന്‍ മാമ്പഴം തിരിച്ചയച്ച് യു.എസ്. ഇന്ത്യയില്‍ നിന്നുള്ള 15 ഷിപ്പ്മെന്‍റുകള്‍ക്കാണ് അനുമതി നിഷേധിച്ചത്. ആവശ്യമായ രേഖകളില്ലെന്നും ഉള്ള രേഖകളില്‍ വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സാന്‍ ഫ്രാന്‍സിസ്കോ, അറ്റ്ലാന്റ, ലൊസാഞ്ചലസ് വിമാനത്താവളത്തില്‍ മാമ്പഴങ്ങള്‍ തഴയപ്പെട്ടത്. ഇന്ത്യന്‍ മാമ്പഴത്തിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് യുഎസ്. ഒന്നുകില്‍ യുഎസില്‍ തന്നെവച്ച് നശിപ്പിക്കുകയോ അല്ലെങ്കില്‍ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുപോകുകയോ ചെയ്യാമെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്.
ഇന്ത്യയിലേക്ക് തിരികെക്കൊണ്ടുവരുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നതുകൊണ്ട് മാമ്പഴങ്ങള്‍ യുഎസില്‍വച്ചു തന്നെ നശിപ്പിക്കാന്‍ കയറ്റുമതിക്കാര്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കീടങ്ങളെ അകറ്റാനായി പ്രത്യേക ഡോസ് റേഡിയേഷന്‍ നടത്തുന്ന ഇറാഡിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മാമ്പഴങ്ങള്‍ കയറ്റുമതി ചെയ്തത്. എന്നാലിതില്‍ സംഭവിച്ച തെറ്റുകളാണ് ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് ഇരുട്ടടിയായത്.
മുംബൈയില്‍വച്ച് മേയ് 8 ,9 തിയ്യതികളിലായിരുന്നു നടപടികള്‍. യുഎസിന്റെ തന്നെ കാര്‍ഷികവകുപ്പ് ഓഫിസറുടെ സാന്നിധ്യത്തിലായിരുന്നു ഈ ഇറാഡിയേഷന്‍ നടപടി. ഈ ഓഫിസറാണ് കയറ്റുമതിക്ക് ആവശ്യമായ പിപിക്യു203 ഫോം സർട്ടിഫൈ ചെയ്തു നൽകേണ്ടത്. ഓഫിസർ തെറ്റായ പിപിക്യു203 ആണ് നൽകിയതെന്നും ഇതാണ് മാമ്പഴങ്ങൾക്ക് അനുമതി നിഷേധിക്കാനിടയാക്കിയതെന്നും കയറ്റുമതിക്കാർ പ്രതികരിച്ചു. ഏകദേശം 4.25കോടി നഷ്ടമാണ് കയറ്റുമതിക്കാർ നേരിടുന്നത്. യുഎസ് ഉദ്യോഗസ്ഥര്‍ ചെയ്ത തെറ്റിനു ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത് തങ്ങളാണെന്ന് കയറ്റുമതിക്കാര്‍ പറയുന്നു.