പാക്കിസ്ഥാനിലെ കറാച്ചിയിലും ലഹോറിലും ഇസ്‍ലാമാബാദിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം രംഗത്ത് എത്തിയിരുന്നു. ഈ നഗരങ്ങളിലെ വ്യോമതാവളങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷം ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ചുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് സേനകൾ ഇക്കാര്യം വ്യക്തമാക്കിയത്. എയർ മാർഷൽ എ.കെ.ഭാരതി, ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലഫ്.ജന.രാജീവ് ഖായ്, നേവി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എ.എൻ.പ്രമോദ്, മേജർ ജനറൽ എസ്.എസ്.ശാർദ എഡിജി സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

വിജയിച്ചെന്ന് പ്രചാരണം, ആഘോഷ റാലികള്‍ സംഘടിപ്പിച്ച് പാക്കിസ്ഥാന്‍

എന്നാല്‍ തങ്ങളാണ് വിജയിച്ചതെന്ന് പറഞ്ഞ് ആഘോഷം നടത്തുകയാണ് പാക് സൈന്യം. ഇന്ത്യയുടെ പ്രകോപനങ്ങൾക്ക് ‘ബുൻയാനു മർസൂസ്’ എന്നു പേരിട്ട സൈനിക നടപടിയിലൂടെ പാക്ക് സൈന്യം മറുപടി നൽകിയത് ആഘോഷിക്കാൻ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് രാജ്യവ്യാപകമായി റാലികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കറാച്ചിയിലെ സീ വ്യൂവിൽ സംഘടിപ്പിച്ച റാലിയിൽ ഷാഹിദ് അഫ്രീദിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഈ റാലിയിലാണ് അഫ്രീദി വീണ്ടും ഇന്ത്യാവിരുദ്ധ പരാമർശങ്ങള്‍ നടത്തി. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുദ്ധവെറി ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിടുകയാണെന്ന് അഫ്രീദി അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്റെ പ്രതിരോധം തകർക്കാനാകില്ലെന്ന് അവകാശപ്പെട്ട അഫ്രീദി, പാക്കിസ്ഥാനോടു കളിച്ചാൽ എന്തായിരിക്കും അവസ്ഥയെന്ന് മോദി മനസ്സിലാക്കിക്കാണെന്നും പറഞ്ഞു.

അഫ്രീദിയുടെ വാക്കുകള്‍

‘പാക്കിസ്ഥാന്റെ പ്രതിരോധം തകർക്കാനാകാത്തതാണ്. പാക്കിസ്ഥാനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് മോദി ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവർ ഞങ്ങളുടെ കുഞ്ഞുങ്ങളെ രക്തസാക്ഷികളാക്കി, ആരാധനാലയങ്ങളെയും സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളാണ്. പക്ഷേ, ഇങ്ങോട്ട് ആക്രമിച്ചാൽ ഞങ്ങൾ നിശബ്ദരായിരിക്കുമെന്ന് കരുതരുത്’ അഫ്രീദി പറഞ്ഞു.‌‌

ENGLISH SUMMARY:

Following India's confirmation of airstrikes on military bases in Karachi, Lahore, and Islamabad as part of Operation Sindhoora, Pakistan has launched a nationwide celebration claiming victory. The Pakistani military labeled their response as Bunyanu Marsus, asserting it was a strong retaliation to India's provocation. Prime Minister Shehbaz Sharif announced celebratory rallies across the country. In a major rally at Karachi’s Sea View, former cricketer Shahid Afridi led the celebrations and made fresh anti-India remarks, which have now gone viral on social media. Meanwhile, Indian military officials held a joint press conference to provide further details of Operation Sindhoora and confirmed the airstrikes.