വെടിനിർത്തൽ പ്രഖ്യാപനം വന്ന് രണ്ട് നാൾ പിന്നിടുമ്പോൾ അതിർത്തി മേഖലകൾ ശാന്തം. പലായനം ചെയ്തവർ മടങ്ങി എത്താൻ തുടങ്ങി. എങ്കിലും ആളുകൾക്ക് ആശങ്ക ഒഴിഞ്ഞിട്ടില്ല.
ജമ്മുവിൽ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ആർ.എസ് പുര സെക്ടറിലെ അവസാന ഗ്രാമമായ ബദുലിയ ആണിത്. കവലയിൽ ഒന്നുരണ്ട് കടകൾ തുറന്നിട്ടുണ്ട്. വിരലിൽ എണ്ണാവുന്ന ആളുകൾ പുറത്തുണ്ട്. ശേഷിക്കുന്നവരൊക്കെ ഗ്രാമം വിട്ടുപോയെന്ന് അവർ പറയുന്നു. ശനിയാഴ്ച വെടി നിർത്തൽ പ്രഖ്യാപനം വന്ന സമയത്ത് ശക്തമായ ആക്രമണമായിരുന്നു ബദുലിയയിൽ. ഒരു വിട്ടിൽ ഷെൽ പതിച്ച നാലു പശുക്കൾ കൊല്ലപ്പെട്ടു.
ഇന്നലെ പ്രദേശം പൂർണമായി ശാന്തമായിരുന്നു. പലരും മടങ്ങിവരുന്നുണ്ട്. അടുത്ത ദിവസം എന്താവും അവസ്ഥ എന്ന ആശങ്ക എല്ലാവർക്കു ഉണ്ട്.. ജമ്മു നഗരം സാധാരണ നിലയിലേക്ക് മടങ്ങി. ആളുകൾ ജോലിക്ക് പോകുന്നു. കടകൾ എല്ലാം തുറന്നു. നിരത്തുകളിൽ നിറയെ വാഹനങ്ങൾ കാണാം. രജൗറി, അഖ്നൂർ, പൂഞ്ച് മേഖലകളും ഇന്നലെ ശാന്തമായിരുന്നു.